
20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന് വക്കീൽ നോട്ടീസയച്ച് നിർമാണക്കമ്പനി. 2016ൽ കരാറായ ചിത്രത്തിന് ഡേറ്റ് നൽകാതെ ധനുഷ് മറ്റു സിനിമകൾക്ക് ഡേറ്റ് നൽകുന്നുവെന്നും, ഇത് നിർമാണക്കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ആരോപണം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെനാൻണ്ടൽ സ്റ്റുഡിയോ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘നാൻ രുദ്രൻ’ എന്ന പേരിൽ സിനിമ ചെയ്യാനാണ് 2016-ൽ കമ്പനി കരാറിലെത്തിയത്. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചില്ല. കരാർ പ്രകാരം ധനുഷ് തന്നെയായിരുന്നു ചിത്രം സംവിധാനംചെയ്യേണ്ടിയിരുന്നത്. പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു. തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. നഷ്‌ടപരിഹാരം നൽകിയില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അതേസമയം, ആരോപണത്തോട് പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. നായകവേഷത്തിലെത്തുന്ന ഡി55 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ധനുഷ് ഇപ്പോൾ. ‘അമരൻ’ സംവിധാനംചെയ്‌ത രാജ്‌കുമാർ പെരിയസാമിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിൽ നടൻ മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തും. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.