
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് “ഹൃദയപൂർവ്വം”. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഏതൊരു അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ‘ലാഫ്സ് ഓൺ സെറ്റ്’ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
നടന്‍ ജനാര്‍ദ്ദനനെ സർപ്രൈസ് ചെയ്തു കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് പുറത്തിറങ്ങിയത്. കൂടാതെ സിനിമയുടെ ഷൂട്ടിനിടെ നടന്ന രസകരമായ ചിരികളും വീഡിയോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒപ്പം സംഗീത് പ്രതാപ്, സത്യൻ അന്തിക്കാട്, മാളവിക മോഹനൻ തുടങ്ങിയവരും വീഡിയോയിൽ ഭാഗമാകുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വരുന്ന മോഹൻലാലിന്റെ ഒരു എന്റർടെയ്നർ ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകുന്നത്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. കൂടാതെ ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ.