ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍ ചിത്രമായ ലാഫിംഗ് ബുദ്ധ തിരുവോണദിനത്തില്‍ റിലീസ് ചെയ്യുന്നു. ജയ്‌ഹോ ഓടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസാവുന്നത്. നിജു സോമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമേഷ് പിഷാരടിയാണ് നായകന്‍. ചിത്രത്തിന്റെ രചന ഹരി. പി. നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്‌സ് എന്നിവയുടെ ബാനറില്‍ സിബി ചവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം സുനീഷ് വാരനാടാണ് ഒരുക്കുന്നത്.രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രമേഷ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘ലാഫിംങ് ബുദ്ധ’ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
ജയ് ഹോ ഓടിടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് രമേശ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയുമാണ്. ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ്.
2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയത്തിലും, കാരിക്കോട് സര്‍ക്കാര്‍ ഹൈസ്‌കൂളിലുമാണ്. പിന്നെ പ്രീഡിഗ്രി പൂര്‍ത്തീകരിച്ചത് തലയോലപ്പറമ്പിലെ ദേവസ്വം ബോര്‍ഡ് കോളേജിലാണ്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുന്‍പ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ രമേഷ് പിഷാരടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടൊപ്പം ബ്ലഫ് മാസ്‌റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ല്‍ പഞ്ചരവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രവും സംവിധാനം ചെയ്തു.