‘ലാല്‍ബാഗ്’ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ എത്തി

മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തില്‍ എത്തുന്ന ‘ലാല്‍ബാഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ലാല്‍ബാഗ്’ മലയാളത്തിനു പുറമെ അന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്. പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫോറന്‍സിക്കിന് ശേഷം മംമ്തയുടേതായി തിയറ്ററുകളില്‍ എത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്.പൂര്‍ണമായും ബാംഗ്‌ളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്.

ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സ് ആയി മംമ്ത വേഷമിടുന്നു. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം രാഹുല്‍ രാജ്. ഛായാഗ്രഹണം ആന്റണി ജോ. സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മാണം.