മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് പിരീഡ് ഡ്രാമ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ റിലീസിന്. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞതായാണ് സൂചന. അടുത്ത വര്‍ഷം മാര്‍ച്ച് 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. അവധിക്കാലവും വിഷു സമയവും ലക്ഷ്യമിട്ടുകൊണ്ടാണ് മരക്കാര്‍ എത്തുന്നത്.
ചരിത്ര പുരുഷന് കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയാണ് ചിത്രം പറയുന്നത്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പ് തലവന്‍ സി ജെ റോയിയും മൂണ്‍ ഷോട്ട് എന്റര്ടൈന്മെന്റും ചേര്‍ന്നാണ് 100 കോടി മുതല്‍മുടക്കില്‍ ഈ സിനിമ നിര്‍മ്മിക്കുന്നത്. മരക്കാറിന്റെ വേഷത്തിലെത്തിയ മോഹന്‍ ലാലിന്റെ പോസ്റ്ററും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന 45ാം ചിത്രവും ആശീര്‍വാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന 25ാം സിനിമ കൂടിയാണ് മരക്കാര്‍.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രഖ്യാപനത്തോടെ മരയ്ക്കാരുടെ ടൈറ്റില്‍ വിഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏകദേശം നൂറുകോടിയോളം ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പറങ്കിപ്പടയോട് പടപൊരുതിയ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യ വിസ്മയങ്ങളുമാണ് ടൈറ്റില്‍ വീഡിയോയുടെ പ്രധാന സവിഷേത. നേരെത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാര്‍ ചിത്രവുമായെത്തും എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ ആ ചിത്രം ഉപേക്ഷിച്ചുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. കുഞ്ഞാലി മറയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മരയ്ക്കാരുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്നും സൂചനയുണ്ട്.