ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവേദ്ക്കറാണ്‌ ഇക്കാര്യം അറിയിച്ചത്. ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. നടന്‍ രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്‌കാരം നല്‍കും. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും.

ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം കൊങ്കിണി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അധികമായി നാലു സ്‌ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍നിന്നുള്ള 190 ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐ.ക്കുണ്ട്.