
ഒരിക്കൽ നടൻ മമ്മൂട്ടി തന്റെ തെറ്റ് തിരുത്തിയ അനുഭവം പറഞ്ഞ് വീഡിയോ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ കെ വി മധു. എംഎ മലയാളവും ബിഎ മലയാളവും ബിഎഡ് ജേർണലിസവും മൂന്ന് നാല് പുസ്തകവും എഴുതിയിട്ടും താൻ പ്രയോഗിച്ച വാക്ക് തെറ്റിയപ്പോൾ മമ്മൂട്ടി അത് തിരുത്തിയെന്നും, മലയാളത്തിൽ ഒരിക്കലും അബദ്ധം പറ്റില്ലെന്ന് കരുതിയ തനിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചറിവായിരുന്നു മമ്മൂട്ടി അയച്ച സന്ദേശമെന്നും, കെ വി മധു പറഞ്ഞു.
‘എനിക്ക് ഒരു മെസ്സേജ് വന്നു, വാട്ട്സ് ആപ്പിലാണ്, ആ മെസ്സേജ് കണ്ടപ്പോൾ തന്നെ ഉള്ളൊന്ന് കിടുങ്ങി മമ്മൂട്ടിയാണ്. മെസ്സേജ് ഓപ്പൺ ചെയ്തപ്പോൾ എഴുതിയിരിക്കുന്നത് വ്യാജത്വം വേണ്ട വ്യാജം എന്ന് ഉപയോഗിക്കാം എന്നാണ്. ഞാൻ ഒരു നിമിഷം അന്തിച്ച് ആലോചിച്ചു എന്താണ് സംഭവം എന്ന്, എനിക്ക് പെട്ടന്ന് പിടികിട്ടി. മെസേജ് വരുന്നതിന് കുറച്ച് മുന്നേ ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ആ വീഡിയോയിൽ എന്തോ പറയുന്ന കൂട്ടത്തിൽ വ്യാജത്വം എന്ന് ഞാൻ പ്രയോഗിച്ചിരുന്നു. വ്യാജം എന്നാണ് ശരിയായ വാക്ക്. അത് ശരിയാണ്, നന്ദി എന്ന് ഞാൻ മറുപടി നൽകി.’ കെ വി മധു പറഞ്ഞു.
‘അപ്പോൾ കുറച്ചുകൂടി വ്യക്തമാക്കി ഒരു മറുപടി വന്നു, വ്യാജങ്ങൾ എന്നും ഉപയോഗിക്കാം എന്ന്. എന്റെ അമ്മോ. എംഎ മലയാളവും ബിഎ മലയാളവും ബിഎഡ് ജേർണലിസവും മൂന്ന് നാലു പുസ്തകവും ഒക്കെയായി നമ്മൾ എന്തോ ആണെന്ന ധാരണയിലായിരുന്നു ഞാന്‍. അബദ്ധത്തിൽ പോലും മലയാളത്തിൽ ഒരു തെറ്റ് വരില്ല എന്ന ഒരു വിചാരവും നമ്മുടെ ഉള്ളിൽ ഉണ്ടാകും. അതിന്റെ മേലുള്ള കനത്ത അടി ആയിപോയി അത്,’ കെ വി മധു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തനിക്ക് ‘മമ്മൂട്ടി’ എന്ന പേര് നൽകിയ വ്യക്തിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഷയത്തിൽ സംസാരിക്കവെയാണ് തനിക്ക് ഉണ്ടായ അനുഭവവും കെ വി മധു പങ്കിട്ടത്. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വെച്ച് സംസാരിക്കേ മമ്മൂട്ടി എന്ന് തനിക്ക് പേരിട്ടയാളെ നടന്‍ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മഹാരാജാസ് കോളേജിൽ വെച്ച് ശശിധരൻ എന്ന പഴയ സഹപാഠിയാണ് നടനെ മമ്മൂട്ടിയെന്ന് ആദ്യമായി വിളിച്ചത്. മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് വിളിച്ച രംഗം കണ്ടപ്പോള്‍ ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് ഓര്‍മ വന്നത് എന്നായിരുന്നു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.