“സ്റ്റാർ” ആദ്യ ഗാനം പുറത്തിറങ്ങി

ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സ്റ്റാര്‍’ ലെ ആദ്യ ഗാനം പുറത്തിറങ്ങി.കുറുവാ കാവിലെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഷീലു എബ്രഹാം ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.ചിത്രം ഏപ്രില്‍ 9ന് തീയേറ്റര്‍ റിലീസാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാകുന്നത്.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.

ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.നായക നിരയിലെ ജോജു – പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തില്‍ എത്തുന്നത്.റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്.തുടര്‍ന്ന് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.