വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്റ്റിട്ടത് ഞാന്‍ തന്നെ’; ദുല്‍ഖര്‍

','

' ); } ?>

മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് കുറുപ്പ് സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചത് താനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് ദുല്‍ഖര്‍ തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചതെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ പുറത്തുവന്നിരുന്നു. ട്രോളുകളെല്ലാം ശരിയാണെന്നാണ് കുറുപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്.

‘ട്രോളുകളെല്ലാം ഞാന്‍ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാന്‍ തന്നെ ഫോണ്‍ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോള്‍. സാധാരണ എന്റെ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. ഇങ്ങനെയൊരു സാഹചര്യമായതുകൊണ്ടും കൊവിഡ് നിയന്ത്രണങ്ങളില്‍ തിയറ്ററില്‍ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായതുകൊണ്ടും കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലര്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോണ്‍ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാന്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. ട്രോളുകള്‍ കറക്ടായിരുന്നു’, ദുല്‍ഖര്‍ പറഞ്ഞു. സിനിമാപ്രേമികളില്‍ പലരും പങ്കുവെച്ച ആശങ്ക പോലെ കുറിപ്പിനെ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും പ്രധാന തീരുമാനം. ആ ഒരു കാര്യത്തിലാണ് ഞങ്ങള്‍ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്റര്‍ടെയ്‌നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വലിയ സിനിമകള്‍ ഒടിടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ലെന്നായിരുന്നു മരക്കാറിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞത്. സിനിമ രണ്ട് കൊല്ലത്തോളം ഹോള്‍ഡ് ചെയ്യുമ്പോള്‍, റിട്ടേണുകള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ എല്ലാ വഴികളും അന്വേഷിച്ചേ പറ്റൂ എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.