ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.കാക്കി പാന്റ്‌സും വെള്ള ടിഷര്‍ട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന ദുല്‍ഖറും സണ്ണി വെയ്‌നുമാണ് പോസ്റ്ററില്‍ ഉള്ളത്.
സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.ഛായാഗ്രഹണം നിമിഷ് രവി .സംഗീത സംവിധാനം സുഷിന്‍ ശ്യാം.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.