സദാചാരക്കാര്‍ക്ക് ഒരു ‘കുമ്പളങ്ങി നൈറ്റ്‌സ്’

','

' ); } ?>

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ശ്യം പുഷ്‌ക്കര്‍, ദിലീഷ് പോത്തന്‍ ടീമിന്റെ മൂന്നാമത്തെ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. സദാചാര നിരീക്ഷണത്തിന് മൈക്രോസ്‌കോപ്പുമായി ഇരിക്കുന്ന സമൂഹത്തിന് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലാണ് കുമ്പളങ്ങി നൈറ്റ്‌സ്.

ശ്യം പുഷ്‌ക്കരന്‍ തൂലികയാല്‍ വരച്ചിട്ട കുമ്പളങ്ങിയ്ക്ക് കഥാപാത്രങ്ങളിലൂടെയും ജീവസുറ്റ കാഴ്ച്ചകളിലൂടെയും മിഴിവേകാനും ഹൃദയസ്പര്‍ശിയാക്കാനും സംവിധായകന്‍ മധു സി നാരായണന് കഴിഞ്ഞിട്ടുണ്ട്. ശ്യാം പുഷ്‌ക്കരന്റെ പതിവ് തിരക്കഥകള്‍പോലെ ചിതറിയ കാഴ്ച്ചകളിലൂടെതന്നെ കുമ്പളങ്ങിയുടെ പശ്ചാത്തലം വിവരിക്കുകയാണ് ആദ്യപകുതിയില്‍. നായകനില്ലാത്ത ചിത്രത്തില്‍ തിരക്കഥ തന്നെയാണ് നായകന്‍.

സിനിമയെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് ആ സിനിമയോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നുന്നു. സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള ഇസ്തിരി വടിവിലേക്ക് നമ്മള്‍ ജീവിതം സെറ്റ് ചെയ്യുമ്പോള്‍ എത്രമാത്രം ശ്വാസം മുട്ടുന്ന ഒന്നായി ജീവിതം മാറുന്നു എന്ന് കുമ്പളങ്ങി കാണിച്ചുതരുന്നു. പണവും സ്റ്റാറ്റസും അനുസരിച്ചുള്ള ജോലിയ്ക്കുമപ്പുറം, സ്‌നേഹമാണ് ജീവിതത്തിന് കുളിരും തണലുമാകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സ്ത്രീപക്ഷ സംഭാഷണങ്ങളില്ലാതെ തന്നെ എങ്ങിനെയാണ് സ്ത്രീകള്‍ ഊഷരമായ ഭൂമികയെ പച്ചപ്പുള്ളതാക്കി മാറ്റുന്നതെന്ന് ചിത്രത്തിലൂടെ ശ്യാമും മധുവുംചേര്‍ന്ന് പറയുന്നു.

ഒളിഞ്ഞ് നോട്ട ആസ്വാദനത്തിന് ശേഷം വ്യഭിചാരം അനുവദിക്കില്ലെന്ന സാധാരണ മലയാളിയെ നമുക്കിതില്‍ കാണാം. ബാര്‍ബര്‍ ആണെങ്കിലും തന്നോളമെങ്കിലും സ്റ്റാറ്റസ് ഉള്ള ആണിനേ കല്ല്യാണം കഴിച്ചുകൊടുക്കൂ എന്ന് വാശിപിടിച്ചിരിക്കുന്ന മലയാളിയും ഇതിലുണ്ട്. അടുക്കളയിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന പെണ്‍ജീവിതങ്ങളെ സ്‌നേഹത്തോടെ ഭക്ഷണം കഴിക്കാന്‍ ടേബിളിലേക്ക് വിളിച്ചിരുത്തി അവിടെ അവര്‍പോലുമറിയാതെ ഏകാതിപതിയാകുന്ന ആളുകളെ അല്ല. നമ്മളെ നമ്മള്‍ക്ക് തന്നെ കുമ്പളങ്ങിയില്‍ കാണാം.

ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസില്‍ അഭിനയംകൊണ്ട് തന്നിലിനിയും അഭിനയത്തിന്റെ അടങ്ങാത്ത ചുഴികളുണ്ടെന്ന് കാണിച്ച് തരുന്നു.സൗബിന്‍ ഷാഹിറിന്റെ പ്രകടനം പലപ്പോഴും നീറ്റലായി നെഞ്ചിലേക്കാഴ്ന്നിറങ്ങുന്നു. ഷെയ്ന്‍ നിഗവും അന്നാബെന്നും ട്രൂ ലവ് ഇക്കാലത്തും യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നു. മാത്യു തോമസ് എന്ന പുതുമുഖവും ശ്രീനാഥ് ഭാസിയും കുമ്പളങ്ങിയില്‍ ജീവിക്കുകയായിരുന്നു. ഷൈജു ഖാലിദിന്റെ ക്യാമറയും, സുശിന്‍ ശ്യാമിന്റെ സംഗീതവും, സൈജു ശ്രീധറിന്റെ എഡിറ്റിംഗുംമെല്ലാം ചേര്‍ന്ന് നില്‍ക്കുന്നു.

പല തന്തയ്ക്ക് പിറക്കില്ലെന്ന ശാസ്ത്രീയ സത്യം തുറന്ന് പറയുന്നതിനൊപ്പം ആര്‍ക്ക് ആരില്‍ ജനിച്ചു എന്നതിനുമപ്പുറം ജീവിതം സ്‌നേഹത്താല്‍ പരസ്പ്പരം കുടയാകാനുള്ളതാണെന്ന് കുമ്പളങ്ങി ഓര്‍മ്മപ്പെടുത്തുന്നു. നമ്മള്‍ കൊണ്ടുനടക്കുന്ന മിഥ്യാഭിമാനബോധവും സദാചാര ബോധവും ഒരു പരിധി കഴിഞ്ഞാല്‍ മാനസ്സിക രോഗമാണെന്നുള്ള സമൂഹത്തിന് നല്‍കുന്ന ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഒന്നല്ല ഒന്നിലേറെ തവണ നമുക്ക് നമ്മളെ കാണാം .