കെ.ടി.സി അബ്ദുള്ള അന്തരിച്ചു…വിട വാങ്ങിയത് കോഴിക്കോടിന്റെ സൗമ്യ മുഖം

','

' ); } ?>

കോഴിക്കോടിന്റെ സിനിമാ-നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.ടി.സി. അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങള്‍ എഴുതി, അഭിനയിച്ചാണ് തുടക്കം. പിന്നെ കാണാക്കിനാവിലെ അധ്യാപകന്‍, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരന്‍, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവര്‍ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗള്‍ഫുകാരന്‍, സുഡാനിയിലെ ഉപ്പ തുടങ്ങീ ശ്രദ്ധേയമായ വേഷങ്ങള്‍ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹലക്ഷ്മിയെന്ന പേരില്‍ കെ.ടി.സി. ഗ്രൂപ്പ് സിനിമാനിര്‍മാണ കമ്പനി തുടങ്ങിയതോടെയാണ് അബ്ദുള്ള സിനിമയിലുമെത്തിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 1977- ലെ സുജാത മുതല്‍ നോട്ട്ബുക്ക് വരെയുള്ള എല്ലാ ചിത്രങ്ങളുടെയും അണിയറയില്‍ അബ്ദുള്ളയുണ്ട്. ചിലതില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (കെ.ടി.സി.)യില്‍ ചേര്‍ന്നതിന് ശേഷമാണ് ഇദ്ദേഹം കെ.ടി.സി. അബ്ദുള്ളയായത്.

1959-ലാണ് അബ്ദുള്ള കെ.ടി.സി. യില്‍ ജോലിയില്‍ പ്രവേശിച്ചത്. കലയില്‍ തത്പരരായ കെ.ടി.സി.യുടെ ഉടമകള്‍ നാടകപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കി. റേഡിയോനാടകരംഗത്ത് ‘എ ഗ്രേഡ്’ ആര്‍ട്ടിസ്റ്റാണിദ്ദേഹം. പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ലാണ് ജനനം. ബൈരായിക്കുളം, ഹിമായത്തുല്‍ ഇസ്ലാം സ്‌കൂള്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠനം. നാടകഭ്രമം മൂത്ത് എട്ടാംക്ലാസില്‍ പഠനം നിര്‍ത്തി കലാരംഗത്ത് സജീവമായി. ആദ്യനാടകത്തില്‍ സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകള്‍ക്ക് ഭാഷയുണ്ട്’ എന്ന നാടകം മലബാര്‍ നാടകോത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ നടി വരാതിരുന്നതോടെയാണതില്‍ പെണ്‍വേഷമണിയേണ്ടി വന്നത്. പിന്നീട് പി.എന്‍.എം. ആലിക്കോയയുടെ ‘വമ്പത്തി നീയാണ് പെണ്ണ്’ എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു.

സംഗമം, സുജാത, മനസാവാചാകര്‍മണ, അങ്ങാടി, അഹിംസ, ചിരിയോചിരി, ഇത്തിരിപ്പൂവേ ചുവന്നേ പൂവേ, വാര്‍ത്ത, എന്നും നന്മകള്‍, കവി ഉദ്ദേശിച്ചത് തുടങ്ങി 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍, ടി. ദാമോദരന്‍, ഐ.വി. ശശി, ഭരതന്‍ തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ അബ്ദുള്ള അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര സഹൃദയവേദിയുടെ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്തുതന്നെ യു.ഡി.എ. (യുെണെറ്റഡ് ഡ്രമാറ്റിക് അക്കാദമി) എന്ന നാടകസംഘടനയുടെ രൂപവത്കരണത്തിന് പ്രധാനപങ്ക് വഹിച്ചു. സംഘടനയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍വഹിച്ചു.

എം.ഇ.എസ്., സിയസ്‌കോ, മുഹമ്മദ് റഫി ഫൗണ്ടേഷന്‍, കാലിക്കറ്റ് മ്യൂസിക് ക്ലബ്ബ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകളിലും സജീവപ്രവര്‍ത്തകനായിരുന്നു. ഇരുപത്തഞ്ചോളം നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അബ്ദുള്ള അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ എല്ലാ കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യയിരുന്നു ഈ എണ്‍പതുകാരന്‍.