നടന് ടൊവിനോ തോമസിനെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു രംഗത്ത്. മാനന്തവാടി മേരിമാത കോളേജില്‍ നടന്ന പൊതുപരിപാടിക്കിടയില്‍ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് കൂവിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ കളക്ടര്‍ക്കും സബ് കളക്ടര്ക്കുമൊപ്പമാണ് ടൊവിനോ വേദി പങ്കിട്ടത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കേ ഒരു വിദ്യാര്‍ത്ഥി സദസ്സില്‍ നിന്നും കൂവി. ശ്രദ്ധയില്‍പ്പെട്ട ടൊവിനോ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിദ്യാര്‍ത്ഥി വിസമ്മതിച്ചുവെങ്കിലും ടൊവിനോ നിര്‍ബന്ധിച്ചപ്പോള്‍ മൈക്കിലൂടെ കൂവി. നാല് പ്രാവശ്യം ഉറക്കെ കൂവിയാണ് കുട്ടി സ്റ്റേജ് വിട്ടത്.
വിദ്യാര്‍ത്ഥിയെ പൊതുസമൂഹത്തിന് മുന്നില്‍ ടൊവിനോ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു പരാതി നല്കാന് ഒരുങ്ങുന്നത്.