അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍ ഈടാക്കിയതിനെതിരെ നടനും സംവിധായകനുമായ മധുപാല്‍ കെഎസ്ഇബിക്ക് പരാതി നല്‍കിയതോടെ ബില്ല് 300 രൂപയായി കുറഞ്ഞു. നേരത്തെ കെ.എസ്.ഇ.ബി റീഡിങ് എടുക്കാതെ മുന്‍ മാസങ്ങളിലെ ശരാശരി കണക്കാക്കിയപ്പോഴാണ് ഇത്തരത്തില്‍ വര്‍ധിച്ച ബില്‍ വന്നത്. യഥാര്‍ഥ റീഡിങ് എടുത്തപ്പോള്‍ ബില്‍തുക 300 രൂപയായി കുറഞ്ഞെന്ന് കെ.എംസ് ഇ.ബിയും മധുപാലും വിശദീകരിച്ചു. 04/04/20 ന് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് എടുക്കാന്‍ കെ.എസ്.ഇ.ബിക്ക് സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം അദ്ദേഹത്തിന്റെ തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു. തുടര്‍ന്ന് 04/06/20 നാണ് ഏപ്രില്‍, മെയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കാന്‍ ചെന്നെങ്കിലും ഗേറ്റ് അടഞ്ഞ് കിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.
പിന്നീട് തൊട്ടുമുന്‍പുള്ള രണ്ട് ബില്ലുകളും ചേര്‍ന്ന തുകയായ 5714 രൂപ ബില്ലായ് ലഭിച്ച മധുപാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പങ്കെടുത്ത 14/06/20 ന്റെ ചര്‍ച്ചയില്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു. 15/06/20 ന് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ മധുപാലിന്റെ വീട്ടില്‍ ചെല്ലുകയും യഥാര്‍ത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.