ഒരു ഫോണ്‍ കോള്‍ ചിലപ്പോള്‍ ജീവനും ജീവിതവും തരും

ഡിപ്രഷനെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകന്‍ ഡിനു തോമസ്. കൂദാശ കൂദാശ ഇറങ്ങിയിട്ട് രണ്ടു വര്‍ഷം ആകാറായി. അടുത്ത സിനിമക്കയ്ക്കുള്ള ഒരുക്കങ്ങള്‍ കൊറോണ തകര്‍ത്തപ്പോള്‍ താനും വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് സംവിധായകന്‍ പറയുന്നു. ‘ഇപ്പോള്‍ കാര്‍മേഘം മാറിവരുന്നു… പ്രതീക്ഷയുടെ മാനം തെളിയുന്നു.. നഷ്ടപ്പെടും എന്ന് കരുതിയ ആ സ്വപ്നങ്ങളിലേക്ക് പുതിയ വാതിലുകള്‍ തുറക്കുന്നുണ്ട്.. എല്ലാം വഴിയേ പറയാം..’ സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

‘കൂദാശ ഇറങ്ങിയിട്ട് രണ്ടു വർഷം ആകാറായി… ആളുകൾ എന്നെയും എന്റെ സിനിമയും ഇതിനോടകം മറന്നിരിക്കാം…

ഇപ്പോൾ ഇത് പറയാൻ കാരണം.. അടുത്ത സിനിമ എന്നാണെന്നു എല്ലാവരും ചോദിക്കാറുണ്ട്… എഴുത്ത് പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞു… ആ കഥാപാത്രം ഞാൻ ഒരുപാട് ആരാധിക്കുന്ന മലയാളത്തിലെ ഒരു നടൻ ചെയ്യണം എന്ന് എനിക്ക് അതിയായ ഒരു ആഗ്രഹം ഉണ്ടായിരുന്നു.. കഴിഞ്ഞ ഒരു വർഷം ഞാൻ അതിനു വേണ്ടി എത്ര ശ്രമിച്ചിരുന്നു എന്നും എന്റെ അടുത്ത സുഹൃത്തുക്കൾക്ക് അറിയാം… പ്രൊഡ്യൂസറോട് കഥ പറഞ്ഞു, അദ്ദേഹത്തിന് അതിഷ്ടപ്പെട്ടു.. ആ നടന്റെ മാനേജരോട് കഥ പറഞ്ഞു… ആ നടനെ കാണുവാൻ അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ സാധിക്കും എന്ന് പറഞ്ഞിരിക്കുമ്പോഴാണ്, കൊറോണ വരുന്നത്.. അദ്ദേഹത്തെ കാണുവാൻ വാങ്ങി വച്ച പുതിയ ഷർട്ട്, പാന്റ് ഒക്കെ ഇപ്പോഴും അലമാരയിൽ ഇരിക്കുന്നു…

ഞാൻ തയാറാക്കിയ മറ്റൊരു തിരക്കഥ, ഞാൻ ഏറെ ബഹുമാനിക്കുന്ന മലയാളത്തിലെ ഒരു യുവനടനോട് പറഞ്ഞിരുന്നു.. അതിന്റെ അടുത്ത ഘട്ട ചർച്ചയ്ക്കും ഞാൻ കാത്തിരിക്കുകയായിരുന്നു.. ആ കഥയുടെ പശ്ചാത്തലം മുംബൈ ആയതിനാൽ ആ സിനിമയും എപ്പോൾ പ്രയോഗികമാകും എന്നറിയാത്ത അവസ്ഥ..

എന്റെ സുഹൃത്ത് സംവിധാനം ചെയ്യാനിരുന്ന ഞാൻ എഴുതിയ തിരക്കഥയും കൊറോണ കാരണം ക്വാറന്റൈനിൽ ആയി..

കപ്പിനും ചുണ്ടിനും ഇടയിൽ എല്ലാം നഷ്ട്ടപ്പെട്ട അവസ്ഥ…
അവസാനനിമിഷം സ്വപ്‌നങ്ങൾ എല്ലാം തകർന്നടിഞ്ഞ അവസ്ഥ…

ആദ്യത്തെ രണ്ടാഴ്ചയിലെ ലോക്ക്ഡൗണിലും എന്റെ മനസ്സ് ശുഭപ്രതീക്ഷയിൽ ആയിരുന്നു.. ആ ഇടവേളയിൽ ഞാൻ ഒരു തിരക്കഥ കൂടി പൂർത്തിയാക്കി.

പക്ഷെ ദിവസങ്ങൾ കടന്നു പോയതോടെ, എന്റെ മനസ്സ് മെല്ലെ മരവിക്കുവാൻ ആരംഭിച്ചു..
ഉറക്കം നഷ്ടപ്പെടുവാൻ ആരംഭിച്ചു…

സിനിമ നടക്കില്ല എന്ന പേടി ഒരു വശത്ത്.. കഴിഞ്ഞ ഒരു വർഷം വരുത്തി വച്ച സാമ്പത്തികബാധ്യതകൾ മറു വശത്തു.. സാമ്പത്തികമായി സഹായിച്ച സുഹൃത്തുക്കൾക്ക് എന്ന് തിരിച്ചു കൊടുക്കാൻ പറ്റും എന്നറിയാത്ത അവസ്ഥ…

പുറത്തു എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിലും, മനസ്സിൽ വല്ലാത്ത ഭാരം ആയിരുന്നു…

സാന്ദ്ര, കുഞ്ഞാപ്പു ഇവർ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷെ, ഞാനും മാനസികമായി തകർന്നു പോവുമായിരുന്നു.. സാന്ദ്രയോട് എല്ലാം പങ്കു വച്ചു, അവൾ തന്ന moral support ആണ് എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ സഹായിച്ചത്.. നിറകണ്ണുകളോടെ ആണ് ഞാൻ ഇത് കുറിക്കുന്നത്..

ഇപ്പോൾ കാർമേഘം മാറിവരുന്നു… പ്രതീക്ഷയുടെ മാനം തെളിയുന്നു.. നഷ്ടപ്പെടും എന്ന് കരുതിയ ആ സ്വപ്നങ്ങളിലേക്ക് പുതിയ വാതിലുകൾ തുറക്കുന്നുണ്ട്.. എല്ലാം വഴിയേ പറയാം..

എന്റെ സമാനമായ അവസ്ഥയിലൂടെ കടന്നു പോയ പലരും ഉണ്ടാവും..

Jishnu എഴുതിയ പോലെ, പാതി വഴിയിൽ നിങ്ങളുടെ കൈവിട്ട് പോയവരോ…
തിരക്കിനിടയിൽ നിങ്ങൾ മറന്ന് തുടങ്ങിയവരോ ഉണ്ടെങ്കിൽ ഓർത്തെടുത്ത് ഒന്ന് വിളിച്ച് നോക്കണം ട്ടോ…!!

ഒരു ഫോൺ കോള് ചിലപ്പോ ജീവനും ജീവിതവും തരും’