
സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേടുന്ന സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്തി നടൻ കൂട്ടിക്കൽ ജയചന്ദ്രനും, ഭാര്യ ബസന്തിയും. “വീട്ടിൽ ചെറിയ കാര്യങ്ങൾക്ക് പോലും മടി പിടിച്ചിരിക്കുകയും, ബന്ധങ്ങളിൽ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോഴേക്കും പുരുഷനെ പ്രതിയാക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് മഞ്ജുവാര്യർ അപവാദമാണെന്നാണ്” താൻ പറഞ്ഞതെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു. കൂടാതെ അത് ദിലീപിനെയോ, മഞ്ജു വാര്യരെയോ സുഗിപ്പിക്കാനല്ലെന്നും, ആ ആശയത്തോടുള്ള തന്റെ നിലപാടാണ് തുറന്നു പറഞ്ഞതെന്നും കൂട്ടിക്കൽ ജയചന്ദ്രൻ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദിലീപിനെയോ, മഞ്ജു വാര്യരെയോ സുഗിപ്പിക്കാനൊന്നുമല്ല ഞാനെങ്ങനെയൊരു പോസ്റ്റിട്ടത്. രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മഞ്ജുവാര്യരുടെ ഇത്രയും കാലത്തെ ജീവിതം അടുത്തു കണ്ടവനാണ് ഞാൻ. മാത്രമല്ല മഞ്ജു വാര്യർ എന്ന വ്യക്തി ഒരു ചെറിയ കുട്ടിയോ, ടീനേജിലുള്ള പെൺ കുട്ടിയോ അല്ല. അവരുടെ പ്രായത്തിലുള്ള മറ്റു സ്ത്രീകൾ വീട്ടിൽ മടി പിടിച്ചിരിക്കുകയും, ഒരു ബന്ധം തകരുമ്പോഴേക്കും അതിൽ തന്നെ തൂങ്ങി പിടിച്ചിരിക്കുകയും ചെയ്യുമ്പോൾ, അവർ അത്തരത്തിലുള്ള സ്ത്രീകൾക്ക് മാതൃകയാവുകയാണ്. അത്തരത്തിലുള്ള സ്ത്രീകൾക്ക് മഞ്ജുവാര്യർ അപവാദമാണ് എന്നാണ് ഉദ്ദേശിച്ചത്. തന്നെയുമല്ല അത്തരത്തിലുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ എന്ന് ഞാൻ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. കാരണം അത്തരത്തിലുള്ള സ്ത്രീകൾ ഉണ്ടെന്ന് സുഹൃത്തുക്കളും മറ്റും പറഞ്ഞുള്ള അറിവേ എനിക്കും ഉള്ളു. പക്ഷെ ആളുകൾ ആ ‘അപവാദം’ എന്ന ഒറ്റ വക്കിലാണ് തൂങ്ങി പിടിച്ചത്.” കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.
“പിന്നെ ഒരുപാട് ആളുകൾ എന്റെ ഭാര്യ പ്രതികരിച്ചതിനെതിരെ സംസാരിക്കുന്നത് കേട്ടു. എനിക്കൊരു പ്രശനം വരുമ്പോൾ എന്റെ ഭാര്യ അല്ലാതെ വേറെ ആര് സംസാരിക്കാനാണ്. ഞങ്ങൾ ഒരുമിച്ച് താമസിക്കുന്ന വ്യക്തികളാണ്. എന്റെ പാർട്ണറാണ്. എന്റെ പ്രശ്നം അവളുടെ കൂടെ പ്രശനമാണ്. പിന്നെ ഞാനിപ്പം പറഞ്ഞ കാര്യങ്ങൾ നാളെ തീർച്ചയായും ആളുകൾക്ക് മനസ്സിലാകും. കാരണം ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ കൊന്നിട്ട് അതേ ഭൂമിയിൽ ഭൂമി ഉരുണ്ടതാണെന്നും പറഞ്ഞ് ജീവിക്കുന്നവരാണ് മനുഷ്യൻ. പിന്നെ ഭാര്യ പറഞ്ഞ പ്രാക്ക് , അത് ഞാൻ സാക്ഷി പറയുകയല്ല. പക്ഷെ അതൊള്ളതാ. എന്റെ അനുഭവം കൊണ്ട് പറയുകയാണ്. മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കുന്ന ഒരുത്തനും രക്ഷപെടൂല.” കൂട്ടിക്കൽ ജയചന്ദ്രൻ കൂട്ടിച്ചേർത്തു.
സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വൻ തോതിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടി മഞ്ജു വാര്യരെ പ്രശംസിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പ് ആണ് വിവാദമായി മാറിയത്. ബൈക്ക് ഓടിച്ച് ധനുഷ്കോടി പോയ മഞ്ജുവിന്റെ സാഹസിക യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്. മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യർ എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രൻ കുറിപ്പിൽ പറഞ്ഞത്. പിന്നാലെ ജയചന്ദ്രനെ വിമർശിച്ച സരിത സരിൻ എന്ന യുവതിയ്ക്ക് ജയചന്ദ്രന്റെ ഭാര്യ അയച്ച ഓഡിയോ സന്ദേശവും വൈറലായിരുന്നു. തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ തീർത്തോളാമെന്നും, വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നുമായിരുന്നു ഭാര്യ ബസന്തിയുടെ ഓഡിയോ.