
ഓസ്കർ അക്കാദമിയിൽ ഇടം പിടിച്ച് മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം” ഭ്രമയുഗം”. ചിത്രം ലോസാഞ്ചൽസിലെ പ്രശസ്‌തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഫെബ്രുവരി 12ന് പ്രദർശിപ്പിക്കും. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഇക്കാര്യം സ്വന്തം പേജിലൂടെ അറിയിച്ചത്. അക്കാദമി മ്യൂസിയത്തിൻ്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിപ്പിക്കുക. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായാണ് അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നിവയാണ് ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. സ്ക്രീനിംഗ് ചെയ്യുന്ന എല്ലാ സിനിമകളും കോർത്തിണക്കിയ ഒരു വീഡിയോ ഓസ്കർ അക്കാദമി പുറത്തു വിട്ടിട്ടുണ്ട്. ഭ്രമയുഗത്തിലെ ഏതാനും ചില രംഗങ്ങളും ഇതിലുണ്ട്.
2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ഭ്രമയുഗം. ബ്ലാക് ആൻഡ് വൈറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. 50 കോടിയാണ് കളക്ഷൻ. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
അതേ സമയം “കളങ്കാവലാണ്” മമ്മൂട്ടിയതുടെതായി ഒടുവിലിറങ്ങിയ ചിത്രം. വിനായകൻ നായകനായെത്തിയ ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തിയത്. കൂടാതെ മോഹൻലാലും മമ്മൂട്ടിയും വീണ്ടുമൊരുമിക്കുന്ന “പാട്രിയറ്റ്”, ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. അർജുൻ അശോകൻ നായകനായെത്തുന്ന “ചത്തപ്പച്ചയിലും, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയുടെ കാമിയോയുമുണ്ട്.