ജനപ്രിയ സമക്ഷം ബാലന്‍ വക്കീല്‍

','

' ); } ?>

ദിലീപ് നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പാട്ട്, നൃത്തം, സംഘട്ടനം തുടങ്ങീ ഒരു എന്റര്‍ടെയ്ന്‍മെന്റ് ചിത്രത്തിന് വേണ്ട എല്ലാ വിഭവങ്ങളും ചേര്‍ന്ന ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. നമ്മള്‍ നേരത്തെ ട്രെയ്‌ലറിലെല്ലാം കണ്ട പോലെ വിക്കുള്ള വക്കീലായെത്തുകയാണ് ദിലീപ്. മുന്‍പ് മലയാള സിനിമ പലതരത്തിലുള്ള വക്കീല്‍ നായകന്‍മാര്‍ വന്നു പോയിട്ടുണ്ടെങ്കിലും, ദീലീപ് ഈ വിക്കന്‍ വക്കീലിനെ മനോഹരമായി തന്നെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതിയില്‍ വിക്കുള്ള വക്കീലിന്റെ അപകര്‍ഷതാബോധവും, കോമഡി രംഗങ്ങളുമായാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു പാവം നാട്ടിന്‍പുറത്തെ വക്കീലിനെ ആദ്യ പകുതിയില്‍ കാണാം.

പലപ്പോഴും ദിലീപിനെ ചുറ്റിപറ്റി തന്നെ കഥ പറയാനുള്ള ശ്രമം നടന്നപ്പോള്‍ മറ്റ് കഥാപാത്രങ്ങളുടെ പ്രസക്തി തീരെ കുറഞ്ഞു പോയതായി അനുഭവപ്പെട്ടു. അതേസമയം ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരുടെ പ്രകടനം തിയേറ്ററില്‍ ചിരിയുണ്ടാക്കുന്നുണ്ട്. ഹ്യൂമറുകള്‍ ശരിയ്ക്ക് വര്‍ക്ക് ഔട്ടായിട്ടുണ്ട്. മംമ്ത മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, ഭീമന്‍ രഘു എന്നിവരും അവരുടെ റോളുകള്‍ ഭംഗിയാക്കി.

ആദ്യ പകുതിയിലെ വിക്കന്‍ വക്കീലില്‍ നിന്നും ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ബുദ്ധി സാമര്‍ത്ഥ്യവും, ആക്ഷനുമെല്ലാം ചെയ്യാനാകുന്ന നായകനായി ചിത്രത്തില്‍ ദിലീപ് വളരുന്നു. ലോജിക് എന്ന എലമെന്റ് മാറ്റിനിര്‍ത്തി ആസ്വദിക്കാനാകുന്ന വാച്ചബിള്‍ എന്റര്‍ടെയ്‌നറാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി. ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളിലെ ദുരൂഹത,ആക്ഷന്‍, അന്വേഷണം തുടങ്ങീ ഉദ്വേഗ നിമിഷങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

നേരത്തെ തന്നെ ഹിറ്റായ ഭീമന്‍ രഘുവിന്റെ ബാബ്വേട്ടാ എന്ന ഗാനം കൂടാതെ ഹരിനാരായണന്റെ വരികളും ഗോപീ സുന്ദര്‍, രാഹുല്‍ രാജ് എന്നിവരുടെ സംഗീതവും നന്നായിട്ടുണ്ട്. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വിയാകോം 18 മോഷന്‍ പിക്ചറിന്റെ നിര്‍മ്മാണ നിലവാരവും ചിത്രത്തിനുണ്ട്. അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും ആക്ഷന്‍ രംഗങ്ങള്‍ക്ക് മിഴിവേകിയിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എല്ലാ ചേരുവകളും ബാലന്‍ വക്കീലിലുണ്ട്.