
ശരീരത്തെ ബഹുമാനിക്കാനും വിലമതിക്കാനും മാതൃത്വം തന്നെ പഠിപ്പിച്ചെന്ന് തുറന്നു പറഞ്ഞ് നടി കിയാര അദ്വാനി. ബിക്കിനി രംഗങ്ങൾ ഇനിയും ചെയ്യുമെന്നും, ഏത് രൂപത്തിലായാലും ശരീരത്തെ ബഹുമാനിക്കുമെന്നും കിയാര പറഞ്ഞു. അമ്മയായതിനു ശേഷം ചെയ്ത വാർ 2 വിലെ ബിക്കിനി രംഗം വിവാദമായതിൽ പ്രതികരിക്കുകയായിരുന്നു താരം. വോഗിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിയാര.
“ആ രംഗത്തിനായി ഞാൻ അച്ചടക്കത്തോടെയുള്ള വലിയ തയ്യാറെടുപ്പുകളായിരുന്നു നടത്തിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രസവശേഷം ശരീരത്തിന് വലിയ മാറ്റങ്ങളുണ്ടായി. ഞാൻ ഇത്തരം വേഷങ്ങൾ മുമ്പും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. ശരീരത്തെ ബഹുമാനിക്കാനും വിലമതിക്കാനും മാതൃത്വം എന്നെ പഠിപ്പിച്ചു. ഒരു കുഞ്ഞിന് ജന്മം നൽകുന്നതുമായി താരതമ്യംചെയ്യുമ്പോൾ, ഒരു കിലോ കുറയ്ക്കുന്നതോ കൂട്ടുന്നതോ വലിയ കാര്യമല്ല. ഏതുരൂപത്തിലായാലും എപ്പോഴും ശരീരത്തെ ഞാൻ ബഹുമാനിക്കും.” കിയാര പറഞ്ഞു.
കഴിഞ്ഞ ജൂലായിലാണ് ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നത്. ജൂലായിൽ അമ്മയായ കിയാര ഹൃത്വിക് റോഷൻ്റെ നായികയായെത്തിയ ‘വാർ 2’ ഓഗസ്റ്റിലായിരുന്നു തിയേറ്ററിലെത്തിയത്. ചിത്രത്തിലെ കിയാരയുടെ ബിക്കിനി രംഗം ചർച്ചയായിരുന്നു. പുറത്തുവന്ന പാട്ടുസീനിൽ ഉൾപ്പെട്ട രംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സികാണ് കിയാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയായ ചിത്രം. കെജിഫ് സ്റ്റാർ യാഷ് ആണ് ചിത്രത്തിലെ നായകൻ. ആദ്യം സായി പല്ലവിയെ നായികയായി തീരുമാനിച്ച ചിത്രത്തിൽ പിന്നീട് കിയാരയേ തിരഞ്ഞെടുക്കുകായായിരുന്നു. ചിത്രത്തിൽ കിയാര അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഗീതു മോഹൻദാസ് പോസ്റ്റ് പങ്കുവെച്ചിരുന്നു.