പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ഹാസ്യവേഷങ്ങളിലും വില്ലനായും തിളങ്ങിയ ഖാദര്‍ ഖാന്‍ മുന്നൂറിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
1973ല്‍ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ച ‘ദാഗ്’ ആണ് അരങ്ങേറ്റ ചിത്രം. മൂന്നു പതിറ്റാണ്ടിനിടെ അമിതാഭ് ബച്ചന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി. എഴുത്തുകാരനായി സിനിമയിലെത്തിയ ശേഷമാണ് ഖാദര്‍ ഖാന്‍ അഭിനയത്തിലേക്ക് കടന്നത്. ഖാദര്‍ ഖാന്‍ 250ലേറെ ചിത്രങ്ങള്‍ക്ക് സംഭാഷണവും ഒരുക്കിയിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് മുംബൈയിലെ എന്‍ജിനിയറിംഗ് കോളേജിലെ പ്രൊഫസറായിരുന്നു.