ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലും കെ.ജി.എഫ്

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലും റിലീസ് ചെയ്ത് കന്നട ചിത്രം കെ.ജി.എഫ്. ആദ്യമായി പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനെത്തിയ കന്നഡ ചിത്രമായിരിക്കുകയാണ് കെ.ജി.എഫ്. ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് പാക്കിസ്ഥാനില്‍ റിലീസിന് എത്തിയിരിക്കുന്നത്. ലാഹോറിലെയും ഇസ്‌ലാമാബാദിലെയും മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് രജനീകാന്തിന്റെ 2.0 മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ റിലീസ് ചെയ്ത ചിത്രം. കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് എത്തിയത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് എത്തുന്നത്. ഇതില്‍ ആദ്യ ഭാഗമാണിപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

കന്നഡ സൂപ്പര്‍ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. ഉഗ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.