ഇരയല്ല ഇണയാകണം…

','

' ); } ?>

അജി പീറ്റര്‍ തങ്കം തിരക്കഥ രചിച്ച് ആസിഫ് അലിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഇടുക്കിയുടെ സൗന്ദര്യം വെള്ളിത്തിരയില്‍ കാണാനായി എന്നതിനൊപ്പം മനോഹരമായ ഒരു കഥയും പറഞ്ഞ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. നാല് സഹോദരിമാരെ കല്ല്യാണം കഴിപ്പിച്ചയച്ച 35 വയസ്സുകാരനാണ് ശ്ലീവാച്ചന്‍. സഹോദരിമാര്‍ കുഞ്ഞുങ്ങളുമൊക്കെയായി സുഖമായി കഴിയുമ്പോള്‍ ശ്ലീവാച്ചനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കൃഷി മാത്രമായി കഴിയുന്ന ശ്ലീവാച്ചന് തന്റെ ചുറ്റുവട്ടം മാത്രമേ പരിചയമുള്ളൂ. ആരോടും പ്രണയമൊന്നും ഇതുവരെ തോന്നാത്ത ശ്ലീവാച്ചന്‍ കല്ല്യാണം കഴിയ്ക്കാന്‍ താല്‍പ്പര്യമില്ലാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്. പക്ഷേ ഒടുവില്‍ പ്രായം ചെന്ന അമ്മച്ചിയെ നോക്കാന്‍ കണ്ണും പൂട്ടി കല്ല്യാണത്തിന് സമ്മതിയ്ക്കുന്ന ശ്ലീവാച്ചന്റെ വിവാഹ ശേഷമുള്ള തത്രപ്പാടുകളാണ് ചിത്രം.

പരസ്പര ധാരണയും ലൈംഗിക വിദ്യാഭ്യാസവുമെല്ലാം ഒരു ദാമ്പത്യത്തില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ചിത്രം പറയുന്നു. പെണ്ണുമായി അടുത്തിടപഴകാത്ത ഒരാളുടെ മാനസിക സംഘര്‍ഷവും, പേടിയുമെല്ലാം ആസിഫ് അലി മനോഹരമായി തന്നെ അവതരിപ്പിച്ചു. ചിത്രം കഴിഞ്ഞാലും ശ്ലീവാച്ചന്റെ പ്രകടനം തന്നെയാണ് മനസ്സില്‍ പതിയുന്നത്. ഒരു പെണ്‍കുട്ടി അപരിചിതമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ടു പോകുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ ആസിഫ് അലിയുടെ നായികയായെത്തിയ വീണാ നന്ദകുമാര്‍ തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചത്. അതി ഭാവുകത്വമോ, യമണ്ടന്‍ ട്വിസ്റ്റുകളോ ഒന്നും തന്നെയില്ലാതെ ഒരേ ഒഴുക്കോടെ തുടങ്ങി അവസാനിക്കുന്ന അനുഭവമാണ് ചിത്രത്തിന്റേത്.

വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും ശക്തമായ വിഷയം മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒതുക്കമുള്ള തിരക്കഥയും അഭിലാഷ് ശങ്കറിന്റെ ക്യാമറയും നൗഫല്‍ അബ്ദുള്ളയുടെ ചിത്രസംയോജനവുമെല്ലാം ചിത്രത്തിന്റെ സ്വഭാവത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു. വില്ല്യം ഫ്രാന്‍സിസിന്റെ സംഗീതവും ചിത്രത്തിലുടനീളം പ്രേക്ഷകനെ മുഷിയാതെ പിടിച്ചിരുത്തുന്നുണ്ട്. ജാഫര്‍ ഇടുക്കി, ബേസില്‍ എന്നിവര്‍ക്കൊപ്പം ഒരു ഗ്രാമമൊന്നാകെ അഭിനയിച്ച അനുഭവമുണ്ടാക്കാന്‍ സഹായിച്ച ഒട്ടേറെ താരങ്ങളുടെ പ്രകടനവും എടുത്ത് പറയേണ്ടുന്നതാണ്. ശ്ലീവാച്ചന്റെ ഗ്രാമത്തില്‍ പോയി തിരികെ വന്ന അനുഭവമാകാന്‍ സഹായിച്ചതും ഈ താരങ്ങള്‍ തന്നെയാണ്. ഭൂമിയില്‍ ഒരു ജീവജാലവും ഇരയെ എന്ന പോലെ കീഴ്‌പ്പെടുത്തിയല്ല ഇണയാക്കുന്നതെന്ന സന്ദേശമാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്. ദാമ്പത്യത്തിന്റെ കരുത്തെന്നതും പരസ്പരമുള്ള തിരിച്ചറിയലാണെന്ന് പറഞ്ഞുവെയ്ക്കുന്ന ചിത്രം പുതുതലമുറയിലുള്ളവര്‍ക്കും, പഴയതലമുറയിലുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടമാകും.