
കേരള സ്റ്റോറി 2 വിനെതിരെ പ്രതികരിച്ച നടൻ പ്രകാശ് രാജിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായണ്‍ സിങ്. ‘പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും, നമ്മുടെ പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്നത് ശരിയാണെങ്കില്‍ പ്രകാശ് രാജിന്റെ മനസാക്ഷിയെ താൻ ചോദ്യം ചെയ്യുകയാണെന്നും‘ കാമാഖ്യ നാരായണ്‍ പറഞ്ഞു. എഎന്‍ഐയോടായിരുന്നു കാമാഖ്യയുടെ പ്രതികരണം.
‘പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍, അദ്ദേഹവും സാധാരണ മനുഷ്യനെപ്പോലെ തന്നെ താഴ്ന്നവനാണെന്ന് തോന്നുന്നു. അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയില്ല. ഞാനത് ഗൗനിക്കുന്നുമില്ല. കാരണം അദ്ദേഹം കഴിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. പക്ഷെ നമ്മുടെ പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുന്നില്ലേ? അത് ശരിയാണെങ്കില്‍ പ്രകാശ് രാജിന്റെ മനസാക്ഷിയെ ഞാന്‍ ചോദ്യം ചെയ്യുകയാണ്. അത് അംഗീകരിക്കാനാകില്ല. ഒരാളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും ഇന്ത്യന്‍ സമൂഹം അംഗീകരിക്കില്ല. അദ്ദേഹം ബൗദ്ധികമായി പാപ്പരായിരിക്കുകയാണ്.” കാമാഖ്യ നാരായണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ട്രെയിലറിലെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രകാശ് രാജും വിവാദത്തില്‍ പ്രതികരിച്ചത്. ബീഫ്, പോര്‍ക്ക്, മത്സ്യം, സദ്യ എന്നീ ഭഷണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പോര്‍ക്കും ബീഫും മീനുമെല്ലാം സദ്യയോടൊപ്പം തന്നെ നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ദ കേരള സ്റ്റോറി 2വിനെ വിളിച്ചത് ബുള്‍ഷിറ്റ് പ്രൊപ്പഗണ്ട ചിത്രമെന്നാണ്. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.