കെ.എസ്.എഫ്.ഡി.സി.യുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തില്‍ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോം ഒരുക്കുന്നത്. ആര കോടി മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കെ.എസ്.എഫ്.ഡി.സി. മനേജിങ് ഡയറക്ടര്‍ എന്‍. മായ ‘മാതൃഭൂമി’യോടു പറഞ്ഞു. സോഫ്റ്റ്വേറിനായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.
മറ്റു പ്ലാറ്റ്ഫോമുകള്‍ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാവില്ല സര്‍ക്കാര്‍ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍മാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാല്‍ അതില്‍ കൂടുതല്‍ വരവുണ്ടായില്ലെങ്കില്‍ ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ നിര്‍മാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ ഒ.ടി.ടിയുടെ രീതി. തിയേറ്ററുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങള്‍, അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ എന്നിവയ്ക്കാണ് ഈ പ്ലാറ്റ്ഫോം പ്രതീക്ഷ നല്‍കുന്നത്. ലോക്ഡൗണ്‍ മാറിക്കഴിഞ്ഞാല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചവയടക്കം മറ്റു ചിത്രങ്ങളും ഈ ഒ.ടി.ടി. പ്ലാറ്റ്ഫോം സ്വീകരിക്കും.
നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായത്തില്‍ ഒടിടിക്കുള്ള പങ്കും വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് കേരള സര്‍ക്കാര്‍ കെ.എസ്. ഇതിലൂടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമല്ല മറിച്ച് ചെറിയ സിനിമകള്‍ക്കും ഒടിടി റിലീസ് സാധ്യമാവും.
കൊവിഡ് കാരണം തിയേറ്റര്‍ റിലീസുകള്‍ ഇല്ലാതായതോടെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ 65-ലേറെ മലയാള സിനിമകളാണ് റിലീസ് ചെയ്യാന്‍ നിര്‍വ്വാഹമില്ലാതിരിക്കുന്നത്. നൂറുകോടി രൂപയിലേറെയാണ് കെ.എസ്.എഫ്.ഡി.സിക്ക് കീഴില്‍മാത്രം ഇത്തരത്തില്‍ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് ഇത്തരം സിനിമകളുടെ ഏക പ്രതീക്ഷ.