
തന്റെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ തുറന്നടിച്ച് നടി കീർത്തി സുരേഷ്. എഐ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അത് ശരിക്കും അലോസരപ്പെടുത്തുന്നുവെന്നും കീർത്തി പറഞ്ഞു. ഈ പ്രശ്നം സിനിമാ ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാമെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു. ചെന്നൈയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
“ഇപ്പോൾ എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അത് ഒരു അനുഗ്രഹവുമാണ് എന്നാൽ ശാപവുമാണ്. മനുഷ്യർ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള എന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടിട്ട് ഞാൻ തന്നെ സ്തംഭിച്ചു പോയി. എപ്പോഴെങ്കിലും ആ വസ്ത്രം ഞാൻ ധരിച്ചിട്ടുണ്ടോ എന്ന് എനിക്ക് തന്നെ സംശയമായി.” കീർത്തി സുരേഷ് പറഞ്ഞു.
“അടുത്തിടെ ഞാനൊരു സിനിമയുടെ പൂജയ്ക്ക് പോയി. ഞാൻ ധരിച്ച വസ്ത്രം മോശമായ രീതിയിൽ, മറ്റൊരു ആംഗിളിൽ നിന്ന് മാറ്റം വരുത്തിയതായി ഞാൻ കണ്ടു. ഒരു നിമിഷത്തേക്ക് ഞാൻ അമ്പരന്നുപോയി. പിന്നെ ആലോചിച്ചപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ഞാനങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്ന്. ഇത് തീർച്ചയായും അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. മാത്രമല്ല, ഈ പ്രശ്നം സിനിമാ ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങുന്നതല്ല. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാം.” കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.
മുൻപ് എഐ ഉപയോഗിച്ചു കൊണ്ടുള്ള ദുരുപയോഗത്തെക്കുറിച്ച് നടി ആൻഡ്രിയ ജെർമിയ, പ്രിയങ്ക മോഹൻ, സായി പല്ലവി തുടങ്ങിയവർ പ്രതികരിച്ചിരുന്നു. കൂടാതെ ഇത്തരം വ്യക്തിഹത്യകളിൽ നിന്നും തങ്ങൾക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട്, നടൻ ചിരഞ്ജീവി, അഭിഷേക് ബച്ചൻ, നടി ഐശ്വര്യ റായ് തുടങ്ങിയവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.