
മലയാളം ഇൻഡസ്ട്രിയിൽ ബ്രേക്കില്ലാതെ തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ഷൂട്ടിങ് നടക്കുക എന്ന് വ്യക്തമാക്കി നടി കീർത്തി സുരേഷ്. മലയാളത്തില്‍ 12 മണിക്കൂറാണ് ജോലി സമയമെന്നും, ലൈറ്റ് ബോയ്‌സിന് പലപ്പോഴും ഉറങ്ങാന്‍ രണ്ടുമണിക്കൂര്‍ മാത്രമേ ലഭിക്കാറുള്ളൂവെന്നും കീർത്തി സുരേഷ് പറഞ്ഞു. കൂടാതെ താന്‍ ഏതുതരം ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറാണെന്നും, എട്ടുമണിക്കൂര്‍ ജോലി എന്ന ആവശ്യത്തിന് പിന്നില്‍ തക്കതായ കാരണമുണ്ടെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം ‘റിവോള്‍വര്‍ റിത്ത’ എന്ന ചിത്രത്തിന്റെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ എല്ലാതരം ഷിഫ്റ്റിലും ജോലി ചെയ്യാറുണ്ട്. എൻ്റെ തുടക്കകാലത്ത്, മഹാനടിയൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ഒരേസമയം മറ്റ് അഞ്ച് സിനിമകളിൽ പ്രവർത്തിച്ചിരുന്നു. ഒമ്പതുമുതൽ ആറുവരെ മാത്രം ഷിഫ്റ്റ് ഉള്ളിടങ്ങളിലും അഭിനയിച്ചിരുന്നു. വ്യക്തിപരമായി ഏത് ഷിഫ്റ്റിലും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്. ഒൻപതുമുതൽ ആറുവരെ ഷൂട്ടിങ് ഉള്ള സെറ്റിൽ, ഒൻപതാവുമ്പോഴേക്ക് നമ്മൾ മേക്കപ്പ് ചെയ്‌ത് തയ്യാറാകേണ്ടിവരും. അതിനർഥം 7.30-ന് സെറ്റിൽ എത്തണം. 6.30-ന് വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരും. 5.30-നെങ്കിലും എഴുന്നേൽക്കണം. എട്ടുമണിക്കൂർ ഉറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് പറയും. പക്ഷേ, ഒമ്പതുമുതൽ ആറുവരേയുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കുപോലും ആറുമണിക്കൂർ കഷ്‌ടിച്ചാണ് ഉറക്കം ലഭിക്കുന്നത്. അപ്പോൾ ഒമ്പതുമുതൽ ഒമ്പതുവരെ ഷിഫ്റ്റാണെങ്കിൽ ഓർത്തുനോക്കൂ. അഞ്ചുമണിക്കൂറോ അതിൽ കുറവോ മാത്രമേ ഉറക്കം ലഭിക്കൂ. ഞങ്ങൾക്ക് മുമ്പെത്തി ഞങ്ങൾക്ക് ശേഷം പോകുന്ന സാങ്കേതികപ്രവർത്തകരുടെ കാര്യം ഓർത്തുനോക്കൂ, അവർക്ക് ഇതിലും കൂടുതൽ സമയമെടുക്കും.’ കീർത്തി സുരേഷ് പറഞ്ഞു
‘ഓരോ ഇൻഡസ്ട്രിയിലും ഇത് വ്യത്യസ്‌തമാണ്. തമിഴിലും തെലുങ്കിലും സാധാരണയായി ഒമ്പതുമുതൽ ആറുവരെയാണ് ഷിഫ്റ്റ്. ചില ലൊക്കേഷനുകളിൽ, പ്രധാനസീനുകൾക്കുവേണ്ടി ഒമ്പതുമുതൽ ഒമ്പതുവരെയുള്ള ഷിഫ്റ്റ് ആവശ്യപ്പെട്ടേക്കും. എന്നാൽ, മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂറാണ് ജോലി സമയം. മലയാളത്തിൽ ബ്രേക്ക് പോലുമില്ല, തുടർച്ചയായ ഷെഡ്യൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്, അവരെല്ലാം പറയാറുണ്ട് ഇത് എത്ര ബുദ്ധിമുട്ടാണെന്ന്. അവർ മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. കേരളത്തിൽ ലൈറ്റ് ബോയ്‌സ് വെറും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഉറക്കം ഒരു വലിയ പ്രശ്‌നമാണ്. ഭക്ഷണം പ്രധാനമാണ്, വർക്കൗട്ട് പ്രധാനമാണ് എന്നൊക്കെ നമ്മൾ പറയുന്നതുപോലെ, ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യും. പക്ഷേ, എട്ട് മണിക്കൂർ ജോലി എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്.’ കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.