
പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവൻ. ‘അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാളാണിതെന്നും, മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛൻ്റെ സ്മരണകളാണ് ഈ പിറന്നാൾ ദിനത്തിൽ തനിക്ക് സാന്ത്വനമേകുന്നതെന്ന് കാവ്യ കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും കാവ്യ പങ്കു വെച്ചിട്ടുണ്ട്.
“ഓരോ പിറന്നാളും, ഓരോ ഓർമദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമകളും വാത്സല്യവും സമ്മാനിച്ച അച്ഛഛൻ്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്”-കാവ്യ കുറിച്ചു
ഈ കഴിഞ്ഞ ജൂണിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ മരണം. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്കിയ വ്യക്തിയായിരുന്നു പി. മാധവൻ. പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു.
വിവാദങ്ങളിലും വ്യക്തിജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ എന്നും ഒപ്പമുണ്ടായിരുന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്ന് അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.