ആഗോളതലത്തിൽ 104 കോടി നേടി കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രം റെട്രോ

','

' ); } ?>

ആഗോളതലത്തിൽ 104 കോടി നേടി കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രം റെട്രോ. നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ കാര്യം അറിയിച്ചത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. എന്നാൽ സിനിമയുടെ കളക്ഷനെ അത് ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിഞ്ഞെന്ന തരത്തിൽ വാർത്തകൾ റിപോർട്ട് ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച 7.45 കോടി രൂപയാണ് തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. എന്നാൽ തിങ്കാളാഴ്ച 2.94 കോടി മാത്രമായി സിനിമയുടെ കളക്ഷൻ ഒതുങ്ങി. ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 73.5 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കുണ്ട്.

സിനിമയുടെ വിജയത്തിനായി കാർത്തിക് സുബ്ബരാജ് തിരുപ്പതിയിൽ സ്‌പെഷ്യൽ പൂജ നടത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ‘മനസു നിറയെ റെട്രോ ആണ്. സിനിമയുടെ വിജയത്തിന് ശേഷം മാത്രമേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. സിനിമ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു,’ എന്നാണ് കാർത്തിക് വിഡിയോയിൽ പറയുന്നത്.

അഡ്വാൻസ് ബുക്കിങിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്ന സമയത്തും വലിയ പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . തമിഴ്നാട്ടിൽ നിന്നും ചിത്രം 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സമയത്തു 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിച്ചത് . കേരളത്തിൽ നിന്ന് 25 ലക്ഷവും കർണാടകയിൽ നിന്ന് 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരുന്നത്. ആദ്യ ദിനം തന്നെ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും സൂര്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു കണക്കുകൂട്ടൽ.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.