
‘കൈതി 2’ നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടൻ കാർത്തി. തന്റെ പുതിയ ചിത്രമായ ‘വാ വാത്തിയാർ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ എത്തിയ കാർത്തിയോട് മാധ്യമപ്രവർത്തകർ ചിത്രത്തെ കുറിച്ച് ചോദിച്ചെങ്കിലും “അതിനെക്കുറിച്ച് ലോകേഷ് തന്നെ സംസാരിക്കും” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
“അതിനെക്കുറിച്ച് ലോകേഷ് തന്നെ സംസാരിക്കും. വാ വാത്തിയാറിന്’ ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ട്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ എത്തിയതാണ്.” കാർത്തി പറഞ്ഞു.
2019ൽ പുറത്തിറങ്ങിയ ‘കൈതി’ വലിയ വിജയമായിരുന്നു. 2022ൽ തന്നെ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം തുടങ്ങുമെന്ന് കാർത്തി പറഞ്ഞിരുന്നു. എന്നാൽ, കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിലൂടെ ലോകേഷ് ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ചതോടെ പിന്നീട് ചിത്രത്തെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ലോകേഷ് അല്ലു അർജുവിനൊപ്പം പുതിയ ചിത്രവും പ്രഖ്യാപിച്ചു. ഇതോടെ ചിത്രം ഉപേക്ഷിച്ചോ എന്ന ആശങ്കയിലാണ് ആരാധകർ.
അല്ലു അർജുനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് അല്ലു അർജുൻ-ലോകേഷ് കനകരാജ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. ചിത്രത്തിന് താൽക്കാലിമായി ‘AA23’ എന്നാണ് പേര് നൽകിയിരിക്കുന്നത്.