ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണന്‍ ആമസോണ്‍ പ്രൈമില്‍ മെയ് പതിന്നാലിന് റിലീസ് ചെയ്യും. ഏറെ നിരൂപക പ്രശംസ നേടിയ പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍.ചിത്രം തീയറ്റര്‍ റിലീസിനു ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.ഏപ്രില്‍ 9ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു . രജിഷ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.
പിക്കാസോ പെയ്ന്റിംഗ് പോലെയാണ് കര്‍ണ്ണനെന്ന് നിര്‍മ്മാതാവ് കലൈപുലി എസ് താണു സിനിമയെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നു. വ്യക്തിയെന്ന നിലയ്ക്കും നടനെന്ന നിലയിലും കര്‍ണന്‍ വിശേഷപ്പെട്ട സിനിമയാണെന്നും ഒരു പാട് കാര്യങ്ങള്‍ പഠിച്ച ചിത്രമായിരുന്നു കര്‍ണനെന്നും ധനുഷ് പറഞ്ഞിരുന്നു. ഈ ചിത്രം ഉറപ്പായും തന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് മാരി ശെല്‍വരാജിനോട് ധനുഷ് പറഞ്ഞത്.
തേനി ഈശ്വര്‍ ക്യാമറയും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. നട്ടി, യോഗി ബാബു, ഗൗരി കിഷന്‍, ലക്ഷ്മി പ്രിയ എന്നിവരും കര്‍ണനിലുണ്ട്. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു.
തിരുനെൽവേലിക്കടുത്തായി പൊടിയങ്കുളം എന്ന ഗ്രാമമാണ് കഥയുടെ പ്രധാന പശ്ചാത്തലം.കർണ്ണനിൽ ആദിമധ്യാന്തം സംവിധായകൻ്റെ കാഴ്ചപ്പാടാണ് നിഴലിക്കുന്നത്. അനുഭവങ്ങളിൽ നിന്നും പച്ചയായ മനുഷ്യരുടെ ജീവിതം കടമെടുത്ത് ഛായം പൂശാതെ അവതരിപ്പിക്കുന്ന മാരി സെൽവരാജിൻ്റെ തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്.
ആർ കെ സെൽവയുടെ എഡിറ്റിംഗും കഥയുടെ ഒഴുക്കിനെ സഹായിക്കുന്നതായിരുന്നു. മാരി സെൽവരാജിൻ്റെ ‘പരിയേറും പെരുമാൾ’ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം പതിയെ കൂടുതൽപ്പേരിലേക്ക് എത്തുകയായിരുന്നെങ്കിൽ ‘കർണ്ണനി’ലെ ധനുഷിൻ്റെ സാന്നിധ്യം തുടക്കത്തിൽ തന്നെ ചിത്രത്തിന് കൂടുതൽ റീച്ച് നേടിക്കൊടുക്കുന്നുണ്ട്.