നടനും നാടക സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ നാടക സംവിധായകനും,സിനിമ സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍(68) അന്തരിച്ചു. കുറച്ച് നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെ കാലം നാടകരംഗത്ത് സജീവമായിരുന്നു. നാടകത്തില്‍ നടനായും സംവിധായകനുമായി നൂറുകണക്കിന് വേദികള്‍ പിന്നിട്ടുണ്ട് ഇദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കരകുളം ചന്ദ്രന് സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡ് ലഭിച്ചിട്ടുമുണ്ട്. 1986 ല്‍ സംവിധായകന്‍ പി.എ. ബക്കര്‍ ഒരുക്കിയ ശ്രീനാരായണഗുരുവില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചന്ദ്രന്‍ സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.