ലാളിത്യമുള്ള കപ്പേള

നാട്ടുചന്തമുള്ള ലാളിത്യമുള്ള സിനിമയാണ് കപ്പേള. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആദ്യപകുതി ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും കാസ്റ്റിംഗ് കൊണ്ടും ക്ലീന്‍ മെയ്ക്കിംഗ് കൊണ്ടും അതിനെയെല്ലാം ചിത്രം മറികടക്കുന്നുണ്ട്. അന്ന ബെന്‍, റോഷന്‍ മാത്യു, നിഷ സാരംഗ്, സുധികോപ്പ, തന്‍വി റാം എന്നീ താരങ്ങള്‍ക്കൊപ്പം നിരവധി നാടകതാരങ്ങളും മിമിക്രി താരങ്ങളുമെല്ലാം പുതുമുഖങ്ങളാണെന്നുള്ള യാതൊരു സങ്കോചവുമില്ലാതെയാണ് വെള്ളിത്തിരയിലെത്തിയത്.

ചിത്രത്തിന്റെ തിരക്കഥയും മെയ്ക്കിംഗുമെല്ലാം ചടുലവും കെട്ടുറപ്പുള്ളതുമാകുന്ന രണ്ടാം പകുതിയാണ് കപ്പേളയുടേത്. രണ്ടാം പകുതി പൂര്‍ണ്ണമായും ശ്രീനാഥ് ഭാസിയുടെ പ്രകടനത്താല്‍ സമ്പന്നമാണ്. ബിഹേവിയറല്‍ ആക്ടിംഗ് കൊണ്ട് ശ്രീനാഥ് ഭാസി ശരിയ്ക്കും ഞെട്ടിക്കുന്നുണ്ട്. ട്രാന്‍സില്‍ ഫഹദിനൊപ്പം മത്സരിച്ചഭിനയിച്ച ശ്രീനാഥ് കപ്പേളയിലേക്കെത്തുമ്പോള്‍ ശരിയ്ക്കും മറ്റൊരു കഥാപാത്രമാകുന്നത് ആക്ടിംഗ് പഠിയ്ക്കുന്നവര്‍ക്കൊരു പാഠമാണ്. ചിത്രത്തിനെന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതിനെയെല്ലാം പരിഹരിച്ച അവസാന പതിനഞ്ച് മിനുറ്റാണ് കപ്പേളയുടെ ഹൈലൈറ്റ്. പതിവ് ഫഌഷ് ബാക്കുകളില്‍ നിന്നു വ്യത്യസ്തമായി കഥ പറഞ്ഞവസാനിപ്പിച്ച രീതിക്ക് സംവിധായകന്‍ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു.

മുന്‍പ് ചില സിനിമകളില്‍ കൈകാര്യം ചെയ്ത വിഷയമാണെങ്കിലും കപ്പേളയുടെ വഴികള്‍ മെയ്ക്കിംഗിനാല്‍ തീര്‍ത്തും വ്യത്യസ്തമാക്കിയിട്ടുണ്ട്. സിനിമയുടെ ലാളിത്യത്തിനനുസരിച്ചുള്ള ജിംഷി ഖാലിദിന്റെ ക്യാമറയും, നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. ചെറിയ ഒരു ആശയത്തില്‍ നിന്നും കഥാപാത്രങ്ങളുടെ സംഭാഷണത്താലും പ്രകടനത്താലും കെട്ടിപൊക്കിയ കപ്പേളയ്ക്ക് ഉള്‍ക്കാമ്പും, ഉറപ്പുമുണ്ടെന്ന് സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന് തോന്നുന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം. ചിത്രമവസാനിച്ച് ഇറങ്ങി പോരുമ്പോഴും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലൂടെ യാത്ര ചെയ്യുന്നുവെന്നത് തന്നെയാണ് കപ്പേളയ്ക്കുള്ള റേറ്റിംഗ്.