
കാന്താര ചാപ്റ്റർ 1 ന്റെ ഇതുവരെയുള്ള കേരളത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. പുറത്തിറങ്ങി 12 ദിവസങ്ങൾ കഴിയുമ്പോൾ 44.5 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ. സിനിമ വൈകാതെ കേരളത്തിൽ നിന്ന് 50 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. റിലീസ് ചെയ്ത ആദ്യ ദിനം 5.25 കോടിയായിരുന്നു കാന്താര കേരളത്തിൽ നിന്നും സ്വന്തമാക്കിയിരുന്നത്.
ഇതുവരെ 509.25 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയും കാന്താര മറി കടന്നിട്ടുണ്ട്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, എന്നിങ്ങനെയാണ് കണക്കുകൾ.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.