ഹിറ്റ് സിനിമ പൃഥ്വിരാജ് കണ്ടുപിടിക്കുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍. കാന്താര മൂവിയുടെ കേരളത്തില്‍ നടന്ന് പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായരുന്നു ലിസ്റ്റിന്‍. താന്‍ ബിസി ആയിരിക്കുമ്പോള്‍ ഹിറ്റ് സിനിമ രാജു കണ്ടുപിടിക്കുമെന്നും ,പൃഥ്വിരാജ് ബിസിയായിരിക്കുമ്പോള്‍ താനാണ് സിനിമകള്‍ കണ്ടു പിടിക്കാറുളളതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലിസ്റ്റിന്‍ ഹാസ്യരൂപേണ മറുപടി നല്‍കി.
കാന്താര മുവിയുടെ കേരളത്തിലെ വിതരണക്കാരാണ് ലിസ്റ്റിന്‍ സ്റ്റീഫനും, പൃഥ്വിരാജും.റിഷഭ് ഷെട്ടിയുടെ കാന്താര തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബര്‍ 30ന് എത്തിയ ചിത്രം ഇതിനോടകം 250 കോടിയിലേറെ കളക്ഷനാണ് സ്വന്തമാക്കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കാന്താര എന്ന കന്നട ചിത്രം സ്വഭാഷാ ചിത്രങ്ങളേക്കാള്‍ വലിയ പ്രേക്ഷക പിന്തുണയോടെ കുതിക്കുകയാണ്.
തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ ദൈവനര്‍ത്തക വിശ്വാസവും പ്രകൃതി-മനുഷ്യ ബന്ധവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിലെ റിഷഭ് ഷെട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കാന്താരയുടെ സംവിധായകന്‍ കൂടിയായ റിഷഭ് ഷെട്ടിയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അടക്കമുള്ള ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ഒന്നടങ്കം എത്തിയിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ ഒന്നിനെ മറികടന്ന് കര്‍ണാടക ബോക്‌സോഫീസിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരിക്കുകയാണ് കാന്താര. നിലവില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ട് മാത്രമാണ് റിഷഭ് ഷെട്ടി ചിത്രത്തിന് മുന്നിലുള്ളത്.
ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും നിര്‍മ്മാതാക്കളായുളള കുമാരി എന്ന ചിത്രം തീയേറ്ററുകളില്‍ വിജയകതമായി പ്രദര്‍ശനം തുടരുകയാണ്. ഐശ്വര്യ ലക്ഷമി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കുമാരി. കാഴ്ചക്കാരനെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യവിസ്മയം, ഒറ്റവാചകത്തില്‍ ഇതാണ് ‘കുമാരി’. ഐശ്വര്യ ലക്ഷ്മിയാണ് ടൈറ്റില്‍ കഥാപാത്രമായ കുമാരിയായി ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മേക്കിങ് കൊണ്ട് പ്രത്യേക ഫാന്‍ബേസുണ്ടാക്കിയ ‘രണ’ത്തിന് ശേഷം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തില്‍ മികച്ച ഒരു ഹൊറര്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ‘കുമാരി’യിലൂടെ.