
പ്രദർശനത്തിനെത്തി ആറു ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 400 കോടിയിലധികം സ്വന്തമാക്കി കാന്താര ചാപ്റ്റർ വൺ. 427 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ഇതുവരെയുള്ള കളക്ഷൻ. ഇതോടെ കമൽ ഹസൻ ചിത്രം വിക്രത്തിന്റെ കളക്ഷൻ (413 കോടി) ആറ് ദിവസം കൊണ്ട് ചിത്രം മറികടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചിത്രം 500 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 500 കോടി രൂപ കളക്ഷൻ നേടുമെന്ന് നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. “വരും ദിവസങ്ങളിലും ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനമാണെങ്കിൽ 1000 കോടി നേടും. 1000 കോടി ക്ലബ്ബിൽ ചിത്രം കയറുമെന്ന് റിലീസിന് മുൻപ് തന്നെ ഇൻഡസ്ട്രി ട്രാക്കർമാർക്കിടയിലും അനലിസ്റ്റുമാരും പറഞ്ഞിരുന്നു. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. 125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റർ 1 ഒരുക്കിയിരിക്കുന്നത്.
ആദ്യഭാഗമായ കാന്താരയുടെ ബജറ്റിനെക്കാൾ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആഗോള തലത്തിൽ കളക്ട് ചെയ്യുകയും ചെയ്തു. ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോകനാഥാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2വിന്റെ സൂചന നൽകി കൊണ്ടാണ് ചിത്രം കാന്താര ചാപ്റ്റർ 1 അവസാനിപ്പിച്ചിരിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.