“ശസ്ത്രക്രിയക്ക് ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്ത് തന്നത് രമേശ് പിഷാരടി”; വീഡിയോ പങ്കുവെച്ച് കണ്ണൻ സാഗർ

','

' ); } ?>

നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗറിനെ ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റായ അദ്ദേഹത്തെ തിങ്കളാഴ്ച ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. തന്റെ അസുഖവിവരവും ചികിത്സയ്ക്കായി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടും വ്യക്തമാക്കി താരം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു.

തന്റെ നിസഹായാവസ്ഥ അറിഞ്ഞ് മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യിലെ അംഗങ്ങളും സഹപ്രവർത്തകരും വലിയ രീതിയിലുള്ള പിന്തുണയാണ് നൽകുന്നതെന്ന് കണ്ണൻ സാഗർ പറഞ്ഞു. ശസ്ത്രക്രിയക്ക് ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഒരുക്കി നൽകിയത് നടൻ രമേഷ് പിഷാരടിയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. കെ.എസ്. പ്രസാദ് അടക്കമുള്ള മുതിർന്ന കലാകാരന്മാർ നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹം കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും തന്നെ പിന്തുണച്ച എല്ലാ സഹോദരങ്ങളോടും പറഞ്ഞറിയിക്കാനാവാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് കണ്ണൻ സാഗർ വ്യക്തമാക്കി. തനിക്കും കുടുംബത്തിനും വേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും താരം അഭ്യർത്ഥിച്ചു. ടെലിവിഷൻ-മിമിക്രി രംഗത്തെ സജീവ സാന്നിധ്യമായ കണ്ണന്റെ വേഗത്തിലുള്ള സുഖംപ്രാപ്തിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകരും കലാകേരളവും.