
സ്വർണ്ണ കള്ളക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവ്. വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ (COFEPOSA) ഉപദേശക ബോർഡ് പാസാക്കിയ ഉത്തരവിനെത്തുടർന്നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിലെ മറ്റ് രണ്ട് പ്രതികളായ തരുൺ കൊണ്ടരു രാജു , സാഹിൽ ജെയിൻ എന്നിവർക്കും ഒരു വർഷം തന്നെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു വർഷത്തെ കാലയളവിൽ ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം മൂന്നുപേർക്കും നിഷേധിച്ചതായും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
2025 മാർച്ച് 3 നാണ് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 12.56 കോടി രൂപ വിലമതിക്കുന്ന 14.213 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണവുമായി രന്യ റാവു പിടിയിലാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 2.67 കോടി രൂപയുടെ പണവും 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. രന്യ തരുൺ കൊണ്ടുരു രാജു, സാഹിൽ ജെയിൻ എന്നിവരുമായി ചേർന്ന് ദുബായ്, ഉഗാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ വിതരണക്കാരിൽ നിന്ന് സ്വർണം കടത്തുന്ന ഒരു സിൻഡിക്കേറ്റ് നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മെയ് 23 ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) രന്യ റാവുവിന് കോഫെപോസ ഉത്തരവ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ജൂൺ 3 ന് അവരുടെ അമ്മ രോഹിണി കർണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. തുടർന്ന് കേസ് പുനഃ പരിശോധന നടത്തുകയും ചെയ്തു.
എന്നാൽ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റാവുവിന്റെ പ്രതിരോധ തടങ്കലിനെ ന്യായീകരിക്കാൻ മതിയായ തെളിവുകളുണ്ടെന്നും ഉപദേശക സമിതി നിഗമനത്തിലെത്തി. ഈ വിഷയത്തിൽ മൂന്ന് മാസത്തിലൊരിക്കൽ വാദം കേൾക്കുകയും ഒരു വർഷം വരെ തുടരുകയും ചെയ്യും.