‘കങ്കണ എന്നെ ചതിക്കുകയായിരുന്നു’-മിഷ്തി ചക്രവര്‍ത്തി

ത്സാന്‍സി റാണിയുടെ കഥ പറയുന്ന മണികര്‍ണിക മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിലെ നായികയും സംവിധായികയുമായ കങ്കണ റണൗത്തിനെതിരേ ഗുരുതര ആരോപണമാണ് ഉയരുന്നത്. ചിത്രത്തിന്റെ ആദ്യ സംവിധായകന്‍ കൃഷിനും തിരക്കഥാകൃത്തിനും പിന്നാലെ ചിത്രത്തില്‍ അഭിനയിച്ച മിഷ്തി ചക്രവര്‍ത്തിയാണ് താരത്തിനെതിരേ രംഗത്തെത്തിയത്. കങ്കണ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ആദം ജോണില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയ താരം പറയുന്നത്.

തന്റെ കഥാപാത്രത്തിനുണ്ടായ പ്രാധാന്യം എഡിറ്റ് ചെയ്ത് മാറ്റിയെന്നും റിലീസിന് നാല് ദിവസം മുന്‍പാണ് താന്‍ ഇത് അറിഞ്ഞതെന്നുമാണ് മിഷ്തി പറയുന്നത്. ചിത്രത്തില്‍ കാശിബായി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഷൂട്ട് ചെയ്ത പോലെ അല്ല തന്റെ കഥാപാത്രം സിനിമയില്‍ എത്തിയത് എന്നാണ് മിഷ്തി പറയുന്നത്. ചിത്രം ചെയ്യാന്‍ തനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ നായികയ്‌ക്കൊപ്പം തന്നെ പ്രാധാന്യം ഉണ്ടെന്നും അത്യുഗ്രന്‍ ഫൈറ്റ് രംഗങ്ങള്‍ ഉണ്ടെന്നും പറഞ്ഞപ്പോഴാണ് അഭിനയിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ ഷൂട്ട് ചെയ്ത ഫൈറ്റ് രംഗങ്ങള്‍ ഒന്നും സിനിമയില്‍ കണ്ടില്ലെന്നും സിനിമ കണ്ട് താന്‍ നിരാശയായി എന്നും മിഷ്തി പറഞ്ഞു

‘നിര്‍മ്മാതാവ് കമല്‍ ജെയ്ന്‍ ആണ് സിനിമയില്‍ കാശിബായി എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. വേഷത്തോട് എനിക്കൊരു താല്‍പര്യം തോന്നിയിരുന്നില്ല. എന്നാല്‍ നായികയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുണ്ടെന്നും അതുകൂടാതെ അത്യുഗ്രന്‍ ഫൈറ്റ് രംഗങ്ങളും ഉണ്ടെന്നുപറഞ്ഞപ്പോള്‍ സമ്മതം മൂളി. ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ആണെന്നതായിരുന്നു കരാര്‍ ഒപ്പിടാനുള്ള പ്രധാനകാരണം. എന്നോട് പറഞ്ഞതുപോലെ തന്നെ ഫൈറ്റ് രംഗങ്ങളും മറ്റും ഷൂട്ട് ചെയ്തു. പക്ഷേ സിനിമയില്‍ ഇതൊന്നും കണ്ടില്ല. റിലീസിന് നാല് ദിവസം മുമ്പാണ് സിനിമ മുഴുവനായി കാണുന്നത്. സത്യത്തില്‍ ഞെട്ടിപ്പോയി. സ്‌ക്രീനിങ്ങിനു ശേഷം പൂര്‍ണ നിരാശയിലായിരുന്നു. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോളാണ് വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങള്‍ നീക്കം ചെയ്തതിന്റെ കാരണം എങ്കിലും അവര്‍ക്ക് പറയാമായിരുന്നു.’ മിഷ്തി പറഞ്ഞു.

കങ്കണയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് സംവിധായകന്‍ കൃഷ് ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നത്. ചില കഥാപത്രങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയും സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയും അനാവശ്യമായി ഇടപെട്ടതോടെയാണ് ഇരുവരും തമ്മില്‍ അകലുന്നത്. ഇതോടെ സംവിധാനം ചെയ്യാനുള്ള ചുമതല കങ്കണ സ്വന്തമായി ഏറ്റെടുത്തു. ചിത്രത്തിന്റെ 70 ശതമാനവും താനാണ് ചിത്രീകരിച്ചത് എന്ന കങ്കണയുടെ വാദത്തിന് എതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.