മാധ്യമ പ്രവര്‍ത്തകനുമായുള്ള കങ്കണയുടെ വാക്കേറ്റം; മാപ്പ് പറഞ്ഞ് നിര്‍മ്മാണ കമ്പനി

','

' ); } ?>

മാധ്യമ പ്രവര്‍ത്തകനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് തട്ടിക്കയറിയത് വന്‍വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. കങ്കണയും നിര്‍മ്മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ മാപ്പ് പറഞ്ഞ് നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.

കങ്കണയുടെ ചിത്രമായ മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു കങ്കണ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്കെതിരെ എന്റര്‍ടൈന്‍മെന്റ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്ന സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് പ്രസ്താവന ഇറക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഏക്താ കപൂറിന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന കത്തെഴുതിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ബാലാജി ടെലി ഫിലിംസ് മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയായിരുന്നു.

ഉറി ആക്രമണത്തിന് ശേഷം ശബാനം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെയായിരുന്നു നടിയുടെ അധിക്ഷേപം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ജഡ്‌മെന്റല്‍ ഹെ ക്യായുടെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരിയും മാനേജറുമായ രംഗോലി ചന്ദേല്‍ നേരത്തെ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.