കമല്‍ ഹാസന് ഓസ്‌കര്‍ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയില്‍ നിന്ന് ക്ഷണിക്കപ്പെട്ടത് 7 പേര്‍

','

' ); } ?>

 

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സ് അംഗത്വത്തിന് കമല്‍ ഹാസന്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാർക്ക് ക്ഷണം. ആകെ 534 പേർക്കാണ് ഈ വര്ഷം ക്ഷണം കിട്ടിയിട്ടുള്ളത്. കമൽ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ തുടങ്ങിയവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

അക്കാദമി അംഗങ്ങളായി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ഓസ്‌കറില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11,120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് പുറമെ ലോകമെമ്പാടുമുള്ള പ്രശസ്ത വ്യക്തിത്വങ്ങള്‍ക്കും അംഗത്വത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ഡേവ് ബൗറ്റിസ്റ്റ, ജേസണ്‍ മൊമോവ, ഓബ്രി പ്ലാസ, ഡാനിയേല്‍ ഡെഡ്വൈലര്‍, ആന്‍ഡ്രൂ സ്‌കോട്ട്, ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, നവോമി അക്കി, മോണിക്ക ബാര്‍ബറോ, ജോഡി കോമര്‍, കീരന്‍ കല്‍ക്കിന്‍, ജെറമി സ്‌ട്രോങ് എന്നിവരും മുൻ ഓസ്‌കാര്‍ ജേതാവ് മൈക്കി മാഡിസണ്‍, അഡ്രിയാന പാസ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍ എന്നിവരും പട്ടികയിലുണ്ട്.

2026 മാർച്ച് 15 ന് കോനൻ ഒ’ബ്രയന്റെ നേതൃത്വത്തിൽ ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങ് നടക്കും. നോമിനേഷനുകൾക്കായുള്ള വോട്ടെടുപ്പ് ജനുവരി 12 മുതല്‍ 16 വരെ നടക്കും. ജനുവരി 22 ന് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.