റെഡ് ബ്ലൂ ബ്ലാക്ക് മാറിക്കോടാ.. ‘കല്‍ക്കി’യിലെ കിടിലന്‍ ഗാനം കാണാം…

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കല്‍ക്കി’യിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. റെഡ് ബ്ലൂ ബ്ലാക്ക് മാറിക്കോടാ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജേക്‌സ് ബിജോയ്, നിരഞ്ജ് സുരേഷ്, കേശവ് വിനോദ്, അജയ് ശ്രാവണ്‍ എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ജോ പോളിന്റേയും ഫിജോയുടേതുമാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി. ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്.

സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.