“നിലയ്ക്കാത്ത മണി നാദം”; കലാഭവൻ മണിയുടെ ഓർമകൾക്ക് പത്ത് വയസ്സ്

','

' ); } ?>

മുഖം മിനുക്കിയ വേഷപ്പകർച്ചകളിൽ താര സിംഹാസനം അലങ്കരിക്കുമ്പോഴും, പിറന്ന മണ്ണിനെയും പിന്നിട്ട വഴികളെയും നെഞ്ചോട് ചേർത്ത ചാലക്കുടിയുടെ സാധാരണക്കാക്കരൻ. മണ്ണു മണക്കുന്ന, സാധാരണക്കാരന്റെ വിയർപ്പിന്റെയും വേദനയുടെയും കഥ പറയുന്ന വരികൾക്ക് ജീവൻ നൽകിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ.

മലയാളിയുടെ കണ്ണ് നനയിച്ചും നെഞ്ചുലച്ചും കലാഭവൻ മണി എന്ന മഹാവിസ്മയം വിടവാങ്ങിയിട്ട് പത്ത് വർഷം. ചാലക്കുടിയുടെ മണ്ണിൽ നിന്നും ലോകത്തിന്റെ ഹൃദയത്തിലേക്ക് പടർന്ന നാടൻ പാട്ടിന്റെ രാജകുമാരന്റെ ചിരിക്ക് ഇന്ന് ഓർമ്മകളുടെ സുഗന്ധമാണ്. കലാഭവൻ മണി എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ആ നിഷ്കളങ്കമായ പൊട്ടിച്ചിരിയും നാടൻ പാട്ടിന്റെ തനതായ താളവുമാണ്. ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ചു വളർന്ന ഒരു ബാലൻ, തന്റെ കഠിനാധ്വാനം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയ കഥ ഏതൊരു സാധാരണക്കാരനും ആവേശമാണ്. മുഖം മിനുക്കിയ വേഷപ്പകർച്ചകളിൽ താര സിംഹാസനം അലങ്കരിക്കുമ്പോഴും, പിറന്ന മണ്ണിനെയും പിന്നിട്ട വഴികളെയും നെഞ്ചോട് ചേർത്ത ചാലക്കുടിയുടെ സാധാരണക്കാക്കരൻ. മണ്ണു മണക്കുന്ന, സാധാരണക്കാരന്റെ വിയർപ്പിന്റെയും വേദനയുടെയും കഥ പറയുന്ന വരികൾക്ക് ജീവൻ നൽകിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഓർമ്മപ്പൂക്കൾ.

മണിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് ആ വലിയ ചിരിയാണ്. നിഷ്കളങ്കമായ, വായ തുറന്നുള്ള ആ ചിരി. സിനിമയിലെ താരപ്പൊലിമയൊന്നും ആ മനുഷ്യനെ മാറ്റിയില്ല. ചാലക്കുടിക്കാർക്ക് അദ്ദേഹം എന്നും അവരുടെ പ്രിയപ്പെട്ട ‘മണി ചേട്ടൻ’ മാത്രമായിരുന്നു. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം മാറ്റിവെച്ചു. ചികിത്സാ സഹായമായും വിദ്യാഭ്യാസ സഹായമായും മണി നൽകിയ തുക എത്രയാണെന്ന് ആർക്കും കൃത്യമായ കണക്കില്ല. കാരണം അതൊന്നും അദ്ദേഹം പരസ്യം ചെയ്തിരുന്നില്ല. അശരണർക്ക് താങ്ങാവുമ്പോഴാണ് തന്റെ ജീവിതം പൂർണ്ണമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരുപക്ഷെ, മണിയുടെ വിയോഗം ഇത്രത്തോളം വേദന നൽകുന്നത് അദ്ദേഹം ഒരു കലാകാരൻ എന്നതിലുപരി നമ്മളിൽ ഒരാളായി ജീവിച്ചത് കൊണ്ടായിരിക്കാം. കൂടെയുള്ളവരെ സ്നേഹിക്കാനും അവർക്കായി കരുതാനും അദ്ദേഹം കാണിച്ച ആ മനസ്സ് ഇന്നും ചാലക്കുടിപ്പുഴയിലെ കാറ്റായി അവിടെ തങ്ങുന്നുണ്ടാകും. അഭിനയിച്ച വേഷങ്ങൾക്കും പാടിയ പാട്ടുകൾക്കുമപ്പുറം, ഒരു നല്ല മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന് മണി ഒരു മാതൃകയായിരുന്നു.

ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മണിക്ക് ജീവിതം ഒരു വലിയ പോരാട്ടമായിരുന്നു. കൊടിയ ദാരിദ്യത്തോടും പ്രതിസന്ധികളോടും പടവെട്ടി ബാല്യം. സ്കൂൾ പഠനകാലത്തെ കലോത്സവ വേദിക മണിയുടെ കലാ ജീവിതത്തിന്റെ അടിത്തറകളായിരുന്നുവെന്ന് പറയാം. ആ മിടുക്ക് പിൽക്കാലത്ത് അദ്ദേഹത്തെ മിമിക്രിയുടെ ലോകത്തേക്ക് എത്തിച്ചു. കലാഭവൻ എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായതോടെ ‘കലാഭവൻ മണി’ എന്ന പേര് അദ്ദേഹം സ്വന്തമാക്കി. കൊച്ചിൻ കലാഭവനിലെ വേദികളിൽ നിന്ന് സിനിമയിലേക്കുള്ള ദൂരം തന്റെ അസാമാന്യമായ കഴിവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം വേഗത്തിൽ പിന്നിട്ടു.

മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ കലാഭവൻ മണി വഹിച്ച പങ്ക് വളരെ വലുതാണ്. ശബ്ദാനുകരണത്തിലൂടെ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അവിശ്വസനീയമായ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. ഒരു ആനയുടെയോ കാട്ടുപോത്തിന്റെയോ ശബ്ദം മണി അനുകരിക്കുമ്പോൾ അത് കേൾക്കുന്നവർക്ക് അത്ഭുതമായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന വലിയ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം, തന്റെ ജീവിതാനുഭവങ്ങളെ കലയുമായി കോർത്തിണക്കി. സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് അദ്ദേഹം ഓടി നടന്നു. ഓരോ വേദിയിലും അദ്ദേഹം തന്റെ സർവ്വ ഊർജ്ജവും പകർന്നു നൽകി.

ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും തനിക്ക് വഴങ്ങാത്ത വേഷങ്ങളില്ലെന്ന് മണി തെളിയിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത ‘സല്ലാപം’ എന്ന ചിത്രത്തിലെ രാജപ്പൻ എന്ന കഥാപാത്രം മണിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായി. പിന്നീട് മലയാള സിനിമ കണ്ടത് മണിയുടെ ജൈത്രയാത്രയായിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിൽ അന്ധനായ രാമു എന്ന കഥാപാത്രമായി മണി ജീവിക്കുകയായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശവും സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. അതുപോലെ ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിൽ വൈകല്യമുള്ള മന്ദബുദ്ധിയായ കഥാപാത്രമായി മണി പ്രേക്ഷകരെ കരയിപ്പിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും മണി കരുത്തുറ്റ വില്ലനായി തിളങ്ങി. വിക്രമിനൊപ്പം ‘ജെമിനി’യിലെ തേജ എന്ന വില്ലൻ വേഷം ദക്ഷിണേന്ത്യയിലാകെ അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു.

മണി എന്ന കലാകാരനെ സാധാരണക്കാർക്കിടയിൽ ഇത്രയേറെ പ്രിയങ്കരനാക്കിയത് അദ്ദേഹത്തിന്റെ നാടൻ പാട്ടുകളാണ്. മണ്ണു മണക്കുന്ന, സാധാരണക്കാരന്റെ വിയർപ്പിന്റെയും വേദനയുടെയും കഥ പറയുന്ന ആ പാട്ടുകൾ മലയാളികൾ ഏറ്റുപാടി. “ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ…” എന്ന് തുടങ്ങുന്ന പാട്ടു കേൾക്കാത്ത മലയാളി ഉണ്ടാകില്ല. തന്റെ ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും നാടൻ പാട്ടുകൾക്ക് അദ്ദേഹം പുതിയൊരു മാനം നൽകി. മിമിക്രിയും പാട്ടും ചിരിയും ഒത്തുചേർന്ന മണിയുടെ സ്റ്റേജ് ഷോകൾക്ക് ഇന്നും പകരക്കാരില്ല. സിനിമയ്ക്കും പാട്ടിനുമപ്പുറം മണി എന്ന മനുഷ്യനെയാണ് ചാലക്കുടിക്കാർ സ്നേഹിച്ചത്. താൻ വളർന്നു വന്ന കഷ്ടപ്പാടുകൾ മറക്കാത്ത അദ്ദേഹം പാവപ്പെട്ടവർക്കായി കൈയയച്ച് സഹായങ്ങൾ ചെയ്തു. ‘മണികൂടാരം’ എന്ന തന്റെ വീട് എപ്പോഴും എല്ലാവർക്കുമായി തുറന്നിട്ടിരുന്നു. ജാതിയോ മതമോ പണമോ നോക്കാതെ മനുഷ്യരെ സ്നേഹിക്കാൻ അദ്ദേഹം കാണിച്ച ആ വലിയ മനസ്സ് തന്നെയാണ് അദ്ദേഹത്തെ ഇന്നും ജനപ്രിയനാക്കുന്നത്.

കലാഭവൻ മണി എന്നത് കേവലം ഒരു വ്യക്തിയല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ വികാരമാണ്. ആ ചിരിയും ആ ശബ്ദവും ഇന്നും നമ്മുടെ ഇടയിലുണ്ട്. മണി എന്ന ആ തനി നാടൻ മനുഷ്യന് പകരം വെക്കാൻ ആർക്കും കഴിയില്ല. ആ ചാലക്കുടിക്കാരൻ തന്റെ ജീവിതം കൊണ്ട് എഴുതിയത് കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്. അകാലത്തിൽ പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്, സ്നേഹത്തിന്റെ ആ വലിയ മനസ്സിന് പ്രണാമം അർപ്പിക്കുന്നു. മണി മരിച്ചിട്ടില്ല. ആ ചാലക്കുടിക്കാരൻ എന്നും മലയാളി മനസ്സിന്റെ ഉമ്മറത്ത് ആ വലിയ ചിരിയുമായി ഇരിക്കും.