
കുട്ടികാലത്ത് കലാഭവൻ മണിക്കും സഹോദരന്മാർക്കും തണലായ ഹയറുന്നീസയെന്ന ഉമ്മ വിടവാങ്ങി. ഉമ്മയുടെ മകനായ അലി ചേട്ടൻ (സൈലബ്ദീൻ) വാങ്ങിയ മുസ്തഫ സൺസ് എന്ന ലാമ്പർട്ട ഓട്ടോറിക്ഷയാണ് കലാഭവൻ മണി ആദ്യമായി ഓടിച്ചതെന്നും, അയൽവാസിയായ ഇവർ തങ്ങൾക്കെല്ലാം വയറു നിറയെ ആഹാരം തന്നു ചേർത്തുപിടിച്ച സ്നേഹനിധിയായ ഉമ്മയാണെന്നും കലാഭവൻ മണിയുടെ സഹോദരനും നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
“7 മക്കളുള്ള ഉമ്മയ്ക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാർക്കറ്റിലേക്ക് പോകുക, റേഷൻ കടയിലേക്ക് പോകുക, എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും.
ഉമ്മയുടെ മകനായ അലി ചേട്ടൻ (സൈലബ്ദീൻ) വാങ്ങിയ മുസ്തഫ സൺസ് എന്ന ലാമ്പർട്ട ഓട്ടോറിക്ഷയാണ് മണിച്ചേട്ടൻ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങൾ പറഞ്ഞിട്ടേ… പോകാറുള്ളൂ… തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല… സ്നേഹാന്വേഷണവും ഇല്ല…ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവൻമാരുടെ കണ്ണികൾ ഇല്ലാതെയായി”. രാമകൃഷ്ണൻ പറഞ്ഞു.
ചേനത്തുനാട് പാളയം കോട്ടുകാരൻ പരേതനായ മുസ്തഫയുടെ ഭാര്യ ഹയറുന്നീസയാണു (89) കഴിഞ്ഞ ദിവസം വിടവാങ്ങിയത്.