പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത മണിയുടെ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. നാടന്‍ പാട്ടുകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ അതുല്ല്യ പ്രതിഭയായിരുന്നു മണി. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു.
1971 ജനുവരി ഒന്നിന് ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി ചാലക്കുടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മണി സിനിമയിലെത്തുന്നത് സ്വപ്രയത്‌നത്തിലൂടെയായിരുന്നു. ജീവിക്കാനായി ഓട്ടോ ഓടിക്കുന്നതിനിടയിലാണ് മണി കലാഭവന്‍ മിമിക്‌സ് ട്രൂപ്പിലെത്തുന്നത്. അങ്ങനെ മണി മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയായി. മിമിക്രി വേദികളിലെയും നാടകങ്ങളിലെയും സ്ഥിരം സാന്നിധ്യമായി. പ്രായ വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തെ മണി ചേട്ടനെന്ന് വിളിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായവരുടെ വരെ ഇഷ്ടം മണി നേടിയെടുത്തത് വളരെ പെട്ടെന്നായിരുന്നു.
സിബി മലയില്‍ സംവിധാനം ചെയ്ത 1995ല്‍ പുറത്തിറങ്ങിയ അക്ഷരമായിരുന്നു ആദ്യ സിനിമ. ജീവിതത്തില്‍ ഓട്ടോക്കാരനായ മണി ആദ്യമായി വെളളിത്തിരയിലെത്തിയപ്പോഴും അഭിനയിച്ചത് ഓട്ടോക്കാരനായിട്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വലിയ നടനായപ്പോഴും മണി തന്റെ ഓട്ടോയെ കൂടെ കൂട്ടിയിരുന്നു. പിന്നീടങ്ങോട്ട് ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും തെന്നിന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ മണി രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായി, വിക്രം തുടങ്ങി ഇന്ത്യന്‍ സിനിമയിലേയും മലയാളത്തിലെയും ഒട്ടു മിക്ക എല്ലാ താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുമുണ്ട്.
മണിയിലെ അഭിനേതാവെന്തെന്ന് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഈ ചിത്രത്തിലെ അഭിനയത്തിന് മണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പ്രത്യേക ജൂറി പുരസ്‌കാരമാണ് മണിയെ തേടിയെത്തിയത്.
2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.