‘ദളപതി 64’ : ആന്റണി വര്‍ഗീസ് ഇല്ല, പകരം കൈദി വില്ലന്‍ അര്‍ജുന്‍ ദാസ്

','

' ); } ?>

ബിഗിലിനുശേഷം വന്‍താരനിരയുമായെത്തുന്ന വിജയ് ചിത്രം ദളപതി 64ല്‍ നിന്ന് മലയാളി താരം ആന്റണി വര്‍ഗീസ് പിന്മാറി. ലോകേഷ് കനകരാജ് സംവിധാനത്തില്‍ വിജയ് സേതുപതി, ഷന്താനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, മാളവിക മോഹനന്‍, എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ജല്ലിക്കട്ടിന് പിന്നാലെ മലയാളി താരം ആന്റണി വര്‍ഗീസും എത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിലെ ഒരു വില്ലന്‍ റോളിലെത്താനിരുന്ന ആന്റണി ഇപ്പോള്‍ ഡേറ്റ് ഇഷ്യൂ കാരണം പിന്മാറിയിരിക്കുകയാണ്.

ആന്റണിക്ക് പകരം കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് ചിത്രത്തിലുണ്ടാവുകയെന്നാണ് തമിഴകത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍. കാര്‍ത്തി നായകനായ കൈദിയില്‍ വില്ലനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍. തന്റെ ഇന്റര്‍വ്യൂകളിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും ശബ്ദഗാംഭീര്യംകൊണ്ട് പെട്ടന്ന് തന്നെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ വേഷത്തെയും ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയാ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. ശാന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. എക്സ്ബി ഫിലിം ക്രിയേറ്റേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ കൂടിയായിരിക്കും. ദളപതി 64 അടുത്ത വര്‍ഷം എപ്രിലില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലും നായകനായിരുന്ന ആന്റണി വര്‍ഗീസിന്റെ ജല്ലിക്കെട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു ദളപതി64 ഭാഗമാവുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന ചിത്രത്തിലും ആന്റണി നായകനാണ്.