ആസ്വാദകര്‍ക്ക് പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കാനായി അത്യാധുനിക രീതിയില്‍ നവീകരിച്ച കോഴിക്കോട് കൈരളി, ശ്രീ തീയറ്ററുകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകോത്തര നിലവാരത്തില്‍ പുതുക്കിപ്പണിത തീയറ്റര്‍ സമുച്ചയം വ്യാഴാഴ്ച വൈകീട്ട് നാലിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.
ആധുനികവത്കരിച്ച തിയേറ്ററുകളില്‍ ബാര്‍കൊ 4കെ ജിബി ലേസര്‍ പ്രോജക്ടര്‍, അറ്റ്മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിള്‍ ബീം 3ഡി, ആര്‍.ജി.ബി.ലേസര്‍ സ്‌ക്രീന്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബി, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, ബുക്ക് സ്റ്റാള്‍, ലളിതകലാ അക്കാദമിയുടെ പെയിന്റിങ് ഗാലറി, ഫീഡിങ് റൂം, വി.ഐ.പി.ലോഞ്ച്, ടിക്കറ്റിനൊപ്പം വാഹനപാര്‍ക്കിങ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്.