സ്വകാര്യ ഓണ്‍ലൈന്‍ സൈറ്റുകളുടെ പെയ്ഡ് പ്രമോഷന്‍ തടയാന്‍ സിനിമാ ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് സര്‍ക്കാര്‍ സംവിധാനം വരുന്നു. സംവിധായകനും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ സെല്ലുലോയ്ഡിനോട് സംസാരിക്കവെയാണ് സര്‍ക്കാര്‍ പുതിയ സംവിധാനമൊരുക്കുന്ന കാര്യത്തെ കുറിച്ച് വിശദീകരിച്ചത്. കോഴിക്കോട്ടെ കൈരളി ശ്രീ തിയേറ്ററുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ ഷാജി എന്‍ കരുണ്‍ സാധാരണക്കാരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനാവശ്യമായ നടപടികളുമായി കെ.എസ്.എഫ്.ഡി.സി മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുമായ ചര്‍ച്ചയ്ക്ക് ശേഷം വളരെ അനുകൂലമായ രീതിയിലാണ് ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചുള്ള കാര്യങ്ങളുമായി കെ.എസ്.എഫ്.ഡി.സി മുന്നോട്ട് പോകുന്നത്. മാര്‍ക്കറ്റിംഗ് എന്നത് ഒരു തന്ത്രമാണെങ്കിലും ബോധപൂര്‍വ്വം നല്ല സിനിമകളോട് ചെയ്യുന്ന തെറ്റായ രീതിയാണ് പെയ്ഡ് പ്രമോഷനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ സംവിധാനം വരുന്നതോടെ ചുരുങ്ങിയ ചെലവില്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് നടത്താം എന്നുമാത്രമല്ല കാഴ്ച്ചക്കാരുടെ കൃത്യമായ കണക്കും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.