കടൈസി വിവസായി സോണി ലിവിൽ

വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന കടൈസി വിവസായി ഓ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഈ മാസം 11-നാണ് ചിത്രം ഓ.ടി.ടിയിലെത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം എത്തുക.

കാക്കമുട്ടൈ എന്ന ചിത്രത്തിന് ശേഷം എം. മണികണ്ഠന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി. ഒരു ഗ്രാമത്തിലെ അവസാന കര്‍ഷകന്റെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നല്ലാണ്ടി എന്ന കര്‍ഷകനും യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്.സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും ഛായാഗ്രഹണം ചെയ്തതും. സന്തോഷ് നാരായണനും റിച്ചാര്‍ഡ് ഹാര്‍വിയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അറിവ് ആണ് വരികളെഴുതിയിരിക്കുന്നത്. ബി. അജിത് കുമാര്‍ എഡിറ്റിങ്ങും തോട്ട തരണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

വിജയ് സേതുപതി , നയന്‍താര കുരിയന്‍, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കാതുവാക്കിലെ രണ്ടു കാതലാണ് വിജയ് സേതുപതിയുടെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റാംബോയായി സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും എത്തുന്നു. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍.