സുരേഷ് ഗോപിയുടെ ‘കാവല്‍’ റിലീസ് പ്രഖ്യാപിച്ചു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ എത്തും.

ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഥിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. ബി കെ ബരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗന്‍.

സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അവസാനമായി പുറത്തിറങ്ങി ചിത്രം അനൂപ് സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്.ശോഭന,ദുല്‍ഖര്‍ സല്‍മാന്‍.കല്ല്യാണി പ്രിയദര്‍ശന്‍.കെ പി എ സി ലളിത തുടങ്ങിയ വന്‍ താരനിരതന്നെയുണ്ടായിരുന്നു ചിത്രത്തില്‍.

അതേസമയം, ഒരിടവേളക്ക് ശേഷം തീയേറ്റര്‍ തുറക്കുമ്പോള്‍ ആദ്യം റിലീസിനെത്തുന്ന ചിത്രം ജോജു ജോര്‍ജ് പൃഥ്വിരാജ് ചിത്രം സ്റ്റാര്‍ ആണ്. ചിത്രം ഈ മാസം 29 നാണ് റിലീസിന് എത്തും. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ‘അജഗജാന്തര’വും ഇതേ ദിവസം റിലീസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.