ഉയരെ തന്നെയാണ് ‘കാണെക്കാണെ’

ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. ഉയരെ എന്ന തന്റെ ആദ്യസിനിമയില്‍ തന്നെ പ്രതിഭ തെളിയിച്ച മനു തന്റെ രണ്ടാം ചിത്രത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല മനു അശോകന്‍ എന്ന സംവിധായകന്റെ ശൈലിയും കയ്യൊപ്പും എന്താണെന്ന് കണിച്ച് തരുന്ന ചിത്രം കൂടെയാണ് കാണെക്കാണെ. ബഹളമോ ക്യാമറയുടെ അമിത പ്രയോഗമോ ഒന്നും തന്നെ ഇല്ലാതെ ഒരും കംപ്ലീറ്റ് ക്ലീന്‍ ആന്റ് നീറ്റ് ചിത്രമെന്ന് കാണെക്കാണെയെ വിശേഷിപ്പിക്കാം. മകളുടെ മരണത്താല്‍ ഒറ്റപ്പെട്ടു പോയ ഒരു അച്ഛന്റെ അന്വേഷണമാണ് ചിത്രം. ഇതു കേള്‍ക്കുമ്പോള്‍ ത്രില്ലര്‍ സ്വഭാവമാണ് എന്ന് തോന്നിയേക്കാമെങ്കിലും ചിത്രം പക്ഷേ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ ആറ്റികുറുക്കി ഫ്രെയിമിലാക്കി നല്‍കിയ മനു സംവിധായകന്റെ കയ്യടക്കം കാണിച്ചതിനെ അഭിനന്ദിക്കാതെ വയ്യ. ഒരു അനാവശ്യ സംഭാഷണമോ രംഗമോ പോലും ചിത്രത്തിലില്ലെന്നതാണ് സവിശേഷത. ഫ്രെയ്മില്‍ നിന്ന് കഥയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ ഒഴുക്ക് നമ്മളറിയുകയേ ഇല്ല. ചിത്രത്തിലെ കാസ്റ്റിംഗും എടുത്ത് പറയേണ്ട ഒന്നാണ്. ഒരു അച്ഛന്റെ തീര്‍ത്താല്‍ തീരാത്ത വീര്‍പ്പുമുട്ടല്‍ ഒരു ചെറിയ പാസ്സിംഗില്‍ പോലും നല്‍കാന്‍ ശ്രദ്ധിച്ച സുരാജ് വെഞ്ഞാറമൂട് ആന്‍ഡ്രോയ്ഡിന് ശേഷം അഭിനയത്തില്‍ കാണിച്ച സൂക്ഷ്മതയുടെ മറ്റൊരുതലം കാണെക്കാണെയില്‍ കാണാം. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍, പ്രേംപ്രകാശ് തുടങ്ങീ എല്ലാവരും കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയായിരുന്നു. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങളുടെ കാസ്റ്റിംഗിലുള്‍പ്പെടെ ഈ ശ്രദ്ധ കാണാനാകും.

ഉയരെയില്‍ പ്രയോഗിച്ച സംഭാഷണങ്ങളിലെ ചാട്ടുളി പ്രയോഗങ്ങളുടെ ബോബി സഞ്ജയ് മാജിക്ക് അതേ പോലെ മനോഹരമായി തന്നെ കാണെക്കാണെയില്‍ ആസ്വദിക്കാനാകുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ച ആല്‍ബി, ചിത്രസംയോജനം നിര്‍വ്വഹിച്ച അഭിലാഷ് ബാലചന്ദ്രന്‍, സംഗീതം നിരവഹിച്ച രഞ്ജിന്‍ രാജ് എന്നിവരെല്ലാം ഒരു മനസ്സായി നിന്നതിന്റെ കാഴ്ച്ചക്കൂടെയാണ് കാണെക്കാണെ. പരസ്പരമുള്ള വാശി പക എന്നിവയ്ക്കുമപ്പുറം വിട്ടുവീഴ്ച്ചയും മനസ്സിലാക്കലും ആത്യന്തികമായ നിഷ്‌കളങ്കതയും സ്നേഹവുമാണ് മനുഷ്യന് വേണ്ടതെന്ന് സന്ദേശം നല്‍കുന്ന കാണെക്കാണെ പുതിയ കാലത്തിന്റെ കൂടെ നടക്കുന്ന ചിത്രമാണ്. നമ്മുടെ ഒരു ചെറിയ വിട്ടുവീഴ്ച്ചകൊണ്ടോ ക്ഷമ കൊണ്ടോ ഒരു പക്ഷേ ഒരു വലിയ സ്നേഹത്തിന്റെ ലോകമാണുണ്ടാവുന്നതെന്ന് മനോഹരമായി കാണെക്കാണെ കാണിച്ച് തരുന്നു. അഭിനേതാവിന്റെ പ്രകടനത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന സംവിധായകനായ മനു അശോകനില്‍ നിന്നും ഇനിയുമേറെ ഉയരെ പറക്കാനാകുന്ന ചിറകുകളുണ്ടെന്ന് കാണെക്കാണെ കാണിച്ച് തരുന്നു.